
40 വയസ് കഴിഞ്ഞവർ ശരീരം പരിപാലിക്കേണ്ടത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം നൽകി സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ കിരൺ ഡെമ്പ്ല. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കിരൺ ഇതിനുള്ള ഉത്തരം നൽകുന്നത്. 40 വയസ് കഴിഞ്ഞവർ ഫിറ്റ്നസ് മാർഗങ്ങളുമായി പരിചിതനായ ശേഷം എയ്റോബിക് വ്യായാമങ്ങൾ ദിവസം 30 മിനിറ്റ് തുടർച്ചയായി ചെയ്യണമെന്നും പ്രധാന പേശീ പ്രദേശങ്ങൾ കരുത്തുറ്റതാക്കാൻ ആഴ്ചയിൽ മൂന്നു തവണ എന്ന കണക്കിൽ സ്ട്രെൻഗ്ത് ട്രെയിനിംഗ് ചെയ്യേണ്ടതുണ്ടെന്നും കിരൺ വിശദീകരിക്കുന്നു.
40 വയസ് കഴിഞ്ഞവർ ഈ വ്യായാമ രീതിയാണ് പരിശീലിക്കേണ്ടതെന്നും കിരൺ പറയുന്നു. ഇതോടൊപ്പം തന്നെ ബാലൻസ് വർക്ക്ഔട്ടുകൾ ആഴ്ചയിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും ചെയ്യണമെന്നും 'കോച്ച് കിരൺ' പറയുന്നു. സാധാരണ വീട്ടമ്മമായി കഴിഞ്ഞിരുന്ന ഹൈദരാബാദുകാരിയായ കിരൺ തന്റെ 33 വയസിലാണ് ഫിറ്റ്നസ് രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
തലച്ചോറിൽ ഉണ്ടായ ഒരു 'ക്ളോട്ട്' കാരണമായിരുന്നു ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനായി സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള കിരൺ ഡെമ്പ്ല ആ വിപ്ലവകരമായ തീരുമാനമെടുത്തത്. ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ കിരൺ ഒരു ഡി.ജെയും മൗണ്ടനീയറും കൂടിയാണ്. തമന്ന, അനുഷ്ക ഷെട്ടി, എസ്.എസ് രാജമൗലി, പ്രകാശ് രാജ് തുടങ്ങിയവരാണ് കിരണിന്റെ ക്ലയന്റുകൾ.