ch

ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് പത്ത് വിക്കറ്റിന്റെ ഗംഭീര വിജയം. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ ഓപ്പണർമാരായ ഷേൻ വാട്സണിന്റെയും ഫാഫ് ഡുപ്ലെസിസിന്റെയും സൂപ്പർ അർദ്ധ സെഞ്ച്വറികളുടെ മികവിൽ 17.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. വാട്സൺ 53 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പെടെ 83 റൺസ് നേടി. ഡുപ്ലെസിസ് 53 പന്തിൽ 11 ഫോറും 1 സിക്സും ഉൾപ്പെടെ 87 റൺസാണ് നേടിയത്. തുടക്കം മുതൽ അടി തുടങ്ങിയ വാട്സണും ഡുപ്ലെസിസും ആദ്യ 6 ഓവറിൽ തന്നെ ചെന്നൈ സ്കോർ 60 കടത്തി.

നേരത്തേ ക്യാപ്ടൻ കെ.എൽ. രാഹുലിന്റെ (52 പന്തിൽ 63) ഇന്നിംഗ്സാണ് പഞ്ചാബ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. നിക്കോളാസ് പൂരൻ (33), മായങ്ക് അഗർവാൾ (26), മന്ദീപ് സിംഗ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഷർദുൽ താക്കൂർ ചെന്നൈക്കായി രണ്ട് വിക്കറ്ര് വീഴ്ത്തി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ചെന്നൈ വിജയ വഴിയിൽ തിരിച്ചെത്തുന്നത്. ആദ്യ മത്‌സരത്തിൽ മുംബയ്‌യെ തോൽപ്പിച്ച ശേഷം തുടർന്നുള്ള മത്സരങ്ങളിൽ രാജസ്ഥാനോടും ഡൽഹിയോടും ഹൈദരാബാദിനോടും ചെന്നൈ തോറ്റിരുന്നു. മറുവശത്ത് ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിക്കാനായ പഞ്ചാബ് അവസാന സ്ഥാനത്താണ്.