
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്കെതിരെയുളള  സൈബർ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഹാക്കർമാരെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഇത് സൂചിപ്പിക്കുന്ന പുതിയ തെളിവുകൾ സൈബർ സുരക്ഷാ വിദഗ്ദ്ധർ കണ്ടെത്തി. ‘ഓപ്പറേഷൻ സൈഡ്‌കോപ്പി’ എന്ന് പറയപ്പെടുന്ന ഹാക്കിംഗ് 2019 മുതൽ നടന്നുവരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രഹസ്യാന്വേഷണ സംഘമായ സെക്രൈറ്റാണ് ഇത് സംബന്ധിക്കുന്ന സുപ്രധാന തെളിവുകൾ കണ്ടെത്തിയത്. ഇന്ത്യയുടെ പ്രതിരോധ സേനയിൽ നിന്ന് നിർണായക വിവരങ്ങൾ കെെയ്ക്കലാക്കാനുളള ശ്രമമാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്. സെെബർ ആക്രമികൾ ലക്ഷ്യമിടുന്നത് ഇന്ത്യൻ സേനയെയാണെന്നും  ഇതിലൂടെ വ്യക്തമാണ്.
അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുളള ഇന്ത്യൻ സേനയുടെ കംപ്യൂട്ടറുകളിലേക്ക് നുഴഞ്ഞു കയറുന്നതിനായി ഫിഷിംഗ് ഇമെയിലുകളും വിദൂര ആക്സസ് മാൽവെയറുകളുമാണ് സെെബർ ആക്രമികൾ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിലൂടെ നിർണായക വിവരങ്ങൾ മോഷ്ടിക്കാനായിരുന്നു പാകിസ്ഥാൻ ഹാക്കർമാരുടെ ശ്രമം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഓപ്പറേഷൻ സൈഡ്‌കോപ്പിയുമായി  ബന്ധപ്പെട്ട് പല ഹാക്കിംഗ് ശ്രമങ്ങൾ നടന്നതായും സെക്രൈറ്റ് പറയുന്നു. ഇന്ത്യൻ പ്രതിരോധ സേനയ്‌ക്കെതിരായ അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ഭീഷണി (എ.പി.ടി) ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും സെക്രൈറ്റ് റിപ്പോർട്ടിൽ  ചൂണ്ടിക്കാട്ടുന്നു.