
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്പത്തി മൂന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ 3,5387,775 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.1,041,537 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,6609,676 ആയി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കുടുതൽ രോഗികളുള്ളത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. ഇതുവരെ 7,635,804 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 214,609 ആയി ഉയർന്നു.4,844,656 പേർ സുഖംപ്രാപിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു.കഴിഞ്ഞ ദിവസം 75,829 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണം 1.02 ലക്ഷത്തിലേറെയായി. രോഗമുക്തി നേടിയവരുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 84.13 ശതമാനമാണ്.കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ശരാശരി 11.5 ലക്ഷം ടെസ്റ്റുകളാണ് പ്രതിദിനം നടത്തിയത്.
അതേസമയം,2021 ജൂലായോടെ ഇന്ത്യയിലെ 20 - 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ പറഞ്ഞു. 40 മുതൽ 50 കോടി വരെ ഡോസ് വാക്‌സിനാണ് സർക്കാർ വാങ്ങുന്നത്. അത് ഉപയോഗിച്ച് 20 മുതൽ 25 കോടി വരെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്തും. ഇതിനായി സംസ്ഥാനങ്ങൾ മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിച്ച് ഈ മാസം അവസാനത്തോടെ റിപ്പോർട്ട് നൽകണം. അതിനുള്ള സ്‌കീം കേന്ദ്രം തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ നൽകേണ്ടി വരുമെന്നാണ് മന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ നാൽപത്തിയൊമ്പത് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം രാജ്യത്ത് 146,375 പേർ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം 4,263,208 ആയി ഉയർന്നു.