
ലക്നൗ: ഹാഥ്‌രസ് കേസിലെ പ്രതികളെ പിന്തുണച്ച് ഒരു കൂട്ടം 'മേൽ ജാതിക്കാർ' മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ യോഗം നടത്തിയതായി ആരോപണം. ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരായ നടപടികളിൽ പ്രതിഷേധം അറിയിക്കാൻ മുൻ ബി.ജെ.പി എം.എൽ.എ രാജ് വീർ പെഹൽവാന്റെ വീട്ടിൽ യോഗം ചേർന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേസിൽ ഉത്തർപ്രദേശ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേർന്നതെന്നാണ് സൂചന. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ താമസിക്കുന്ന രാജ് വീറിന്റെ വീടിന് സമീപം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മേൽ ജാതിക്കാരുടെ യോഗമാണ് അവിടെ നടന്നതെന്ന ആരോപണം സംഘാടകരും രാജ് വീറിന്റെ മകനും നിഷേധിച്ചു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ കൂട്ടായ്മയാണ് അവിടെ നടന്നതെന്നാണ് ഇവർ നൽകുന്ന വിശദീകരണം.