
തൃശൂർ: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ.എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. നാല് പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം, കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.
ഇന്നലെ രാത്രിയാണ് പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ്(26) കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ആക്രമണത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. മന്ത്രി എ.സി മൊയ്തീൻ സംഭവ സ്ഥലത്തെത്തി. രാഷ്ട്രീയ കൊലപാതകമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികൾ ആർ.എസ്.എസ്, ബജ്‌റംഗ്‌ദൾ പ്രവർത്തകരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അക്രമി സംഘം ആദ്യം കുത്തിയത് സനൂപിനെയാണെന്നും, പ്രതികളുടെ കയ്യിൽ നിരവധി ആയുധങ്ങളുണ്ടായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞു. ഒരു സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവിടാനാണ് സനൂപും സംഘവും സംഭവ സ്ഥലത്തേക്ക് പോയത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന ഒരു കൂട്ടം ആളുകളുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നാണ് സൂചന.