kerala-covid

തിരുവനന്തപുരം: സംസ്ഥാനത്ത് 23 ലക്ഷം പേർക്ക് വരെ കൊവിഡ് വന്നു പോയിട്ടുണ്ടാകാമെന്ന് നിഗമനം. സംസ്ഥാനത്ത് ഓഗസ്റ്റിൽ ഐ.സി.എം.ആർ നടത്തിയ സിറോ സർവേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ മാത്രമേ രോഗബാധ കുറഞ്ഞു തുടങ്ങുവെന്നാണ് സർക്കാരിന്റെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ മാസം പകുതിയോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്ന ആദ്യ നിഗമനം ഈ മാസം അവസാനമെന്ന് തിരുത്തിയാണ് പുതിയ പഠനം എന്നത് ശ്രദ്ധേയമാണ്.

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഗസ്റ്റ് അവസാനവാരത്തിലാണ് സിറോ സർവേ നടന്നത്. 1181 പേരെ പരിശേധിച്ചതിൽ 11 പേർക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തി. ഇതിന്റെ ആറു മുതൽ പത്ത് ഇരട്ടി വരെ ആളുകൾക്ക് രോഗം വന്നിരിക്കാമെന്നാണ് സർവേയുടെ അടിസ്ഥാനത്തിലുളള നിഗമനം. അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതർ 2.29 ലക്ഷം . ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേർക്ക് രോഗം വന്നു പോയിട്ടുണ്ടാകാം. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനം വൈറസ് ബാധിതരായാൽ രോഗം മൂർദ്ധന്യാവസ്ഥയിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗദ്ധർ അഭിപ്രായപ്പെടുന്നത്. ഈ കണക്കനുസരിച്ച് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന്റെ കോവിഡ് മൂർദ്ധന്യാവസ്ഥ ഇനിയും അകലെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സർവേഫല പ്രകാരം, പോസിറ്റീവാകുന്നവരെ പരിശോധനയിൽ തിരിച്ചറിയാത്തത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കുറവാണെന്നും ഇത് മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടെന്നുമാണ് വിലയിരുത്തൽ. ഒരേ സമയം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നാണ് സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം സർവേ ഫലം ഓഗസ്റ്റിലെ കണക്കുകൾ പ്രകാരമാണെന്നും ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കാമെന്നും അനുമാനമുണ്ട്.