bineesh-kodiyeri

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. സഹോദരൻ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് ബിനീഷ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നായിരുന്നു യാത്ര. നാളെയാണ് ചോദ്യം ചെയ്യൽ. അതേസമയം വിമാനത്താവളത്തിലെത്തിയ ബിനീഷിനോട് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷിന് നേരത്തെ തന്നെ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും നാളെ ചോദ്യം ചെയ്യുന്നത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ, അനിഖ എന്നിവരെ ജിയിലിലെത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ അനൂപിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ച് വരുത്തുന്നത്.

2015ൽ കമ്മനഹളളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകി സഹായിച്ചെന്ന് അനൂപ് മൊഴി നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഇത് രണ്ടാം തവണയാണ് ബിനീഷ് കോടിയേരി ഹാജരാകുന്നത്. നേരത്തെ സ്വർണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാകും വരെ ബിനീഷിന്റെ ആസ്തികൾ കൈമാറാൻ അനുവദിക്കരുതെന്ന് രജിസ്ട്രേഷൻ ഐ.ജിക്ക് ഇ.ഡി കത്തും നൽകിയിരുന്നു.