
ഗുരുഗ്രാം: ഗുരുഗ്രാമിൽ പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കി. ശൗചാലയത്തിലേക്ക് പോകുന്ന വഴി പ്രതി പെൺകുട്ടിയെ ബലമായി തന്റെ മുറിയിൽ കൊണ്ടുപോവുകയും, അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പതിനാറുകാരിയുടെ പിതാവ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി നൽകിയാൽ പെൺകുട്ടിയുടെ ഭാവി നശിക്കുമെന്നും, നിയമനടപടികൾക്കായി വലിയ തുക ചിലവാകുമെന്നും, അതിനാൽ കേസ് ഒതുക്കി തീർക്കൂവെന്നുമായിരുന്നു പൊലീസുകാരുടെ മറുപടി.
തുടർന്ന് പെൺകുട്ടിയുടെ പിതാവിനെക്കൊണ്ട് കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചുള്ള ഒരു കത്തിൽ ഒപ്പിടുവിച്ചതായി കുടുംബം ആരോപിക്കുന്നു. ചിലരുടെ സഹായത്തോടെയാണ് അദ്ദേഹം പിന്നീട് പരാതി നൽകിയത്.എന്നാൽ ആദ്യം പരാതി നൽകാൻ എത്തിയപ്പോൾ ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.