
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്‌ടർമാരുടെ സംഘടനകൾ. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിച്ച് കൊണ്ടുളള ഡോക്‌ടർമാരുടെ പ്രതിഷേധ സമരം തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് ഒ.പി ഉൾപ്പടെ ബഹിഷ്‌കരിച്ച് ഡോക്‌ടർമാർ പ്രതിഷേധം വ്യാപിപ്പിക്കുന്നത്.
ഡിസ്ചാർജ് ചെയ്‌ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. കൊവിഡ് ചികിത്സ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയാണ് ഡോക്‌ടർമാർ പ്രതിഷേധിക്കുന്നത്. എന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനാണ് നിലവിലെ ആലോചന.
അതേസമയം കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മർദത്തിലായിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തിൽ സമരം തുടർന്നാൽ പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചർച്ചയുണ്ടായേക്കും.
രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും കഴിഞ്ഞ 18നാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് എല്ലാ മെഡിക്കൽ കോളജുകളിലേയും കൊവിഡ് നോഡൽ ഓഫീസർമാർ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു.