
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എഫ്.എക്‌സ് സൊല്യൂഷന്‍സ് എന്ന മണി എക്‌സ്‌ചേഞ്ച് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളെ കസ്റ്റംസ് ചോദ്യം ചെയ്തു. അബ്ദുള്‍ ലത്തീഫ് എന്നയാളെയാണ് ചോദ്യം ചെയ്തത്.
അബ്ദുള്‍ ലത്തീഫിനെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷും സ്വര്‍ണക്കടത്തുമായുമുള്ള ബന്ധത്തെക്കുറിച്ചാണ് കസ്റ്റംസ് ഇയാളോട് ചോദിച്ചത്. അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമി ആണെന്ന രീതിയിൽ മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു.
യു.എഫ്.എക്‌സ് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കോണ്‍സുലേറ്റിലെ വിസാ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ളവയുടെ കരാര്‍ ഈ കമ്പനി ഏറ്റെടുത്തിരുന്നു. കമ്പനിയില്‍ നിന്ന് കമ്മീഷന്‍ കിട്ടിയിരുന്നുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നേരത്തെ നല്‍കിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്.