
ന്യൂഡൽഹി: രാജ്യത്ത് ഇന്നും കൊവിഡ് രോഗബാധയ്‌ക്ക് ശമനമില്ല. 24 മണിക്കൂറിൽ 74,442 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 903 മരണങ്ങളും. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 66 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66,23,815 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആകെ മരണം 1,02,685.
എന്നാൽ രോഗമുക്തി നിരക്കിലും രാജ്യത്ത് മികച്ച പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. പ്രതിദിന രോഗബാധിതരെക്കാൾ കൂടുതൽ എണ്ണം രോഗമുക്തി നിരക്ക് ഇന്ന് റിപ്പോർട്ട് ചെയ്‌തു. 76,737 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ 5,58,6703 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 84.34% ആയി. 9,34,427 ആക്‌ടീവ് കേസുകളാണ് രാജ്യത്തുളളത്. നിലവിൽ ഏറ്റവുമധികം രോഗബാധിതരുളള രണ്ടാമത് രാജ്യമാണ് ഇന്ത്യ.
രോഗമുക്തി നേടിയവരുടെ കണക്കിൽ ആദ്യം മഹാരാഷ്‌ട്രയാണ്. കർണാടകയും ആന്ധ്രയുമാണ് രണ്ടാമത്. രാജ്യത്തെ പോസിറ്റീവ് കേസുകളിൽ 77.11% പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്.ഞായറാഴ്‌ച ഇത് 80.53 ആയിരുന്നു. രാജ്യത്തെ കേസ്‌ലോഡ് 14.32% ആയി കുറഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു. മഹാരാഷ്‌ട്രയിൽ 14,000ലധികം പ്രതിദിന രോഗികളുണ്ട്. പിന്നിലായി കർണാടകവും കേരളവുമാണ്. 9886ഉം 7834ഉം. മഹാരാഷ്‌ട്രയിൽ പ്രതിദിന മരണനിരക്ക് 278 ആണ്. മുൻ ദിനങ്ങളെക്കാൾ കുറവുണ്ടായിട്ടുണ്ട്. കർണാടകയിൽ 100 പേരാണ് മരണമടഞ്ഞത്.
പ്രതിദിനം 15 ലക്ഷത്തോളം ടെസ്‌റ്റുകളാണ് രാജ്യത്ത് നടത്താനാകുക. നിലവിൽ 7.89 കോടി സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. രാജ്യത്തെ പരിശോധനയും, ചികിത്സയും വർദ്ധിപ്പിച്ചതിനാലാണ് രോഗമുക്തി നിരക്ക് കൂടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.