
തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നാൽപ്പതിലധികം പേർ അറസ്റ്റിൽ. ഐ.ടി വിദഗ്ദ്ധരടക്കം ഉളളവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് 326 സ്ഥലങ്ങളിൽ നടന്ന റെയ്‌ഡിൽ 268 കേസുകൾ രജിസ്റ്റർ ചെയ്‌തു. 285 ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്.
കൊവിഡ് കാലത്ത് വീടിനുളളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് ഡാർക്ക് നെറ്റ് വഴിയും ടെലിഗ്രാം വഴിയും പ്രചരിച്ചത്. കേരളത്തിൽ നിന്നുളള കുട്ടികളുടെ ദൃശ്യങ്ങളാണ് ആളുകൾ കൂടുതൽ പണം നൽകി വാങ്ങുന്നതെന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് ഓപ്പറേഷൻ പി ഹണ്ട് സജീവമായത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ റെയ്‌ഡ് നടന്നതെങ്കിലും കൂടുതൽ അറസ്‌റ്റ് രേഖപ്പെടുത്തിയത് പാലക്കാട് നിന്നാണ്. അറസ്‌റ്റിലായവരുടെ കൂട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്. നഗ്ന ചിത്രങ്ങൾ പ്രചരിക്കുന്ന ഗ്രൂപ്പുകൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.