
ലക്‌നൗ:ഉത്തർപ്രദേശിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബി ജെ പി നേതാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവമോർച്ച വൈസ് പ്രസിഡന്റ് ശ്യാംപ്രകാശ് ദ്വിവേദിയാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റുചിലരെയും അറസ്റ്റുചെയ്തിട്ടുണ്ട്. പ്രയാഗ് രാജിലാണ് സംഭവം.
ഡിഗ്രിവിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി തോക്കുകാട്ടി ഭീഷണിപ്പെടുത്തിയാണ് ശ്യാംപ്രകാശും കൂട്ടരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര ഭവിക്ഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭീഷണി അവഗണിച്ച് പെൺകുട്ടി പൊലീസിനെെ സമീപിക്കുകയായിരുന്നു. ഇതാേടെ ഇയാൾ ഒളിവിൽ പോയി. നേരത്തേയും ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകിയതായാണ് റിപ്പോർട്ട്.
ഹത്രാസ്, ബൽറാംപൂർ കൂട്ടബലാത്സംഗക്കേസുകളെത്തുടർന്ന് സംസ്ഥാനത്ത് പരുങ്ങലിലായ ബി ജെ പിക്ക് ശ്യാംപ്രകാശ് ദ്വിവേദിയുടെ അറസ്റ്റ് മറ്റൊരു തലവേദനയായി. ശ്യാംപ്രകാശിനെ അറസ്റ്റുചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയായിരുന്നു എന്നും ഗത്യന്തരമില്ലാതെ വന്നതോടെ അറസ്റ്റ് ചെയ്യുകയായിരന്നു എന്നും ആരോപിച്ച് പ്രതിപക്ഷമുൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. യോഗിയുടെ ഉത്തർപ്രദേശിൽ സ്ത്രീകളുടെ മാനത്തിന് വിലയില്ല എന്നു തെളിയിക്കുന്നതാണ് പീഡനക്കേസിൽ ബി ജെ പി നേതാവിന്റെ അറസ്റ്റ് എന്നും അവർ ആരോപിക്കുന്നു.