
മുപ്പത്തിയേഴ് വർഷങ്ങൾ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തതിന് ശേഷം നാട്ടിൽ സ്ഥിരതാമസത്തിന് എത്തിയപ്പോൾ മനസിന്റെ കോണുകളിലെവിടെയോ ചില അസ്വസ്ഥതകൾ ഉടലെടുത്തു. ഇത്രയും ദീർഘമായൊരു കാലയളവ് നാട്ടിൽ നിന്നും അകന്നുനിൽക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നൊരു തോന്നൽ! സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്നത് വാസ്തവമാണ്. മക്കളെല്ലാം നല്ല നിലയിൽ വിദ്യാഭ്യാസം നേടി ജോലിയിലുമായി. എങ്കിലും മനസിന്റെ അടിത്തട്ടിലെവിടെയോ ഒരു നഷ്ടബോധം അലയടിക്കുന്നു. മക്കൾ മൂവരും വിദേശ രാജ്യങ്ങളിൽ ചേക്കേറി. ഡിസംബറിൽ പത്തു ദിവസത്തേക്ക് നാട്ടിൽ വന്നേക്കും. അത്ര തന്നെ! കനത്ത ഏകാന്തത തളം കെട്ടി നിൽക്കുന്ന വീട്ടിൽ ഞാനും ഭാര്യയും ജീവിത സായാഹ്നത്തിൽ അലസരായി കഴിയുന്നു. അയൽപ്പക്കക്കാരെല്ലാം തികച്ചും അപരിചിതർ. ഒരിക്കൽ ഷെൽഫിലെ ബുക്കുകൾ അടുക്കി വയ്ക്കുമ്പോഴാണ് പത്തു വർഷമായി കാണാതെ കിടന്ന ഒരു ഫോട്ടോ ആൽബം കൈയിൽ കിട്ടിയത്. പഴയകാല ഫോട്ടോകൾ കാണാൻ വളരെ കൗതുകം തോന്നി. വിസിറ്റിംഗ് മുറിയിലെ സെറ്റിയിൽ ചാരിയിരുന്ന് ഓരോന്നായി നോക്കിക്കാണാൻ തുടങ്ങി. കഴിഞ്ഞ കാലചിത്രങ്ങൾ ഓരോന്നായി മനസിൽ തെളിഞ്ഞു വന്നു. ആ ഫോട്ടോകളിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പലരെയും പിന്നീടൊരിക്കലും കണ്ടിട്ടുമില്ല.
പേജുകൾ മറിച്ചപ്പോഴാണ് ഫാത്തിയ സഹറാൻ എന്ന അറബി പെൺകുട്ടിയുടെ ഫോട്ടോ കണ്ടത്. എന്റെ പഴയ കാല ഓർമ്മകൾ ഓരോന്നായി ചിറകുവിടർത്തി. 1973-ൽ ഞാൻ സാൻസിബാറിലെ ഫിഡൽ കാസ്ട്രോ കോളേജിൽ പഠിപ്പിക്കുന്ന കാലം. ഫാത്തിയാ സഹറാൻ എ- ലെവലിനു (പ്രീ ഡിഗ്രിക്ക് തുല്യം) പഠിക്കുന്ന എന്റെ ഒരു സ്റ്റുഡന്റായിരുന്നു. പ്രഭാതത്തിൽ വിടരുന്ന പൂവിന്റെ ശാലീനതയും വിശുദ്ധിയും അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും സായംസന്ധ്യയ്ക്ക് കൊഴിയുന്ന പൂവിന്റെ വിഷാദവും അവളുടെ നീലമിഴികളിൽ തളം കെട്ടി നിന്നിരുന്നു. സാൻസിബാർ, ടാൻസാനിയായിലുള്ള ഒരു ദ്വീപാണെങ്കിലും ആ രാജ്യത്തിനു പ്രത്യേക ഭരണകൂടവും പ്രസിഡന്റും ഉണ്ട്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ വൻകരയായ ടാങ്ങാനിക്കായും ദ്വീപായ സാൻസിബാറും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ടാൻസാനിയാ എന്ന വലിയ രാജ്യം രൂപം കൊണ്ടു. കരാർ പ്രകാരം ടാൻസാനിയായുടെ പ്രസിഡന്റ് ടാങ്ങാനിക്കായിൽ നിന്നും വൈസ് പ്രസിഡന്റ് സാൻസി ബാറിൽ നിന്നുമായിരിക്കും.

സാൻസിബാറിന്റെ ജനസംഖ്യയിൽ 50 ശതമാനം കറുത്ത വർഗക്കാരും 45 ശതമാനം സ്വർണ നിറമുള്ള മസ്ക്കറ്റിൽ നിന്നും കുടിയേറിയ അറബികളും അഞ്ചു ശതമാനം ഗുജറാത്തികളും ഗോവാക്കാരുമാണ്. ഫിഡൽ കാസ്ട്രോ കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് ക്യാംപസിൽ തന്നെ താമസിക്കണമെന്നാണ് വ്യവസ്ഥ. എനിക്ക് കിട്ടിയ വീട് പ്രിൻസിപ്പലിന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു. കുട്ടികളിൽ അധികവും അറബികളും ഗുജറാത്തികളുമാണ്. കറുത്ത വർഗക്കാർ നന്നേ കുറവാണ്. ക്ലാസിലെ മുൻ സീറ്റിൽ വിടർന്ന മിഴികളുമായി പാലൊളി പുഞ്ചിരി തൂകി ഫാത്തിയാ കാണുമായിരുന്നു. ചിലപ്പോൾ കണക്കിലുള്ള സംശയങ്ങളുമായി അവൾ സ്റ്റാഫ് റൂമിൽ എന്റെ അടുത്ത് എത്തുമായിരുന്നു.പ്രിൻസിപ്പലായ ഡോ. ജാഫർ അലി രസതന്ത്രത്തിൽ എം.എസ് സിയും പി.എച്ച്.ഡിയും റഷ്യയിൽ നിന്നാണ് കരസ്ഥമാക്കിയിരുന്നത്. ഉപരിപഠനത്തിനായി പത്തുവർഷക്കാലം അദ്ദേഹം റഷ്യയിലായിരുന്നു. ഇന്ത്യാക്കാരുടെ ഉറ്റസുഹൃത്തായ അദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നീണ്ട പത്തു വർഷത്തേക്ക് റഷ്യയിൽ താമസത്തിനു പോകുന്നതിനു മുന്നോടിയായി ജാഫർ അലി തന്റെ ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു, അതായിരുന്നു സാൻസിബാറിലെ അന്നത്തെ രീതി.
ഫാത്തിയാ സഹറാന് കണക്കിൽ കുറച്ച് സംശയങ്ങളുണ്ടെന്നും ഞാൻ അവളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഒരു ദിവസം എന്റെ വീട്ടിലേക്ക് കടന്നു വന്നു. മേട്രനെയും കൂട്ടി എന്റെ വീട്ടിൽ അവൾ വരുമെന്നും അറിയിച്ചു. അവളുടെ പിതാവായ സഹറാൻ അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്താണെന്നും പറഞ്ഞു. രണ്ട് ഗ്രാമ്പു തോട്ടങ്ങളുടെ ഉടമയായ സഹറാൻ ചാക്കെ ടൗണിലെ വലിയ സമ്പന്നനായിരുന്നു. സാൻസിബാറിലെ പ്രധാന വരുമാനം ഗ്രാമ്പുവിൽ നിന്നാണ്. അവിടത്തെ സാമ്പത്തിക അടിത്തറയും ഗ്രാമ്പു തന്നെ. കുട്ടനാട്ടിൽ തെങ്ങ് നിൽക്കുന്നതു പോലെ ഇടതിങ്ങിയാണ് ഇവിടെ ഗ്രാമ്പുമരങ്ങൾ നിൽക്കുന്നത്. ഗ്രാമ്പു മരങ്ങൾ പൂത്തുകഴിഞ്ഞാലുണ്ടാകുന്ന മാദകസൗരഭ്യം ഇളംകാറ്റിലൂടെ ഒഴുകിയൊഴുകി നമ്മുടെ അടുത്തെത്തും. സാൻസിബാറിൽ ഗ്രാമ്പുമരങ്ങളില്ലാത്ത വീടുകളില്ല.

ഫാത്തിയാ മേട്രനെയും കൂട്ടി പല പ്രാവശ്യം എന്റെ വീട്ടിൽ വന്നു. വീട്ടിലെത്തിയാൽ ഉടൻ തന്നെ നേരെ അടുക്കളയിൽ കയറി കാപ്പിയോ ചായയോ ഉണ്ടാക്കി എനിക്കും മേട്രനും തരും, അവളും കുടിക്കും. കുറച്ച് സമയം ആൽജിബ്രായും ജോമട്രിയും പഠിക്കും. ചായ കുടിച്ചു കഴിഞ്ഞാൽ അധികം താമസിക്കാതെ മേട്രൻ സുഖനിദ്രയിലേക്ക് വഴുതി വീഴും. സാൻസിബാറിലെ കഠിനമായ ചൂട് കൊണ്ടാകാം. ഫാത്തിയാ പറയുന്നത് മേട്രന് ഇംഗ്ലീഷ് അറിയില്ലെന്നാണ്. മേട്രൻ മയക്കത്തിലായി കഴിഞ്ഞാൽ, ഫാത്തിയാ അവളുടെ കദനകഥകൾ പറയാൻ തുടങ്ങും. ഫാത്തിയായുടെ മൂത്ത രണ്ട് സഹോദരിമാരെ 'കംപൽസറി മാര്യേജ് ആക്ട് " പ്രകാരം കറുത്ത വർഗക്കാർ വിവാഹം കഴിച്ചതും തുടർന്നുള്ള അവരുടെ ജീവിതവും അവൾ നനഞ്ഞ കണ്ണുകളോടെ വിശദീകരിച്ചു. ഭൂരിഭാഗം വരുന്ന കറുത്ത വർഗക്കാർ സാൻസിബാറിന്റെ ഭരണം കൈയടക്കിയതിനു ശേഷം അവിവാഹിതരായ അറബി പെൺകുട്ടികളെ ബലാത്ക്കാരമായി വിവാഹം കഴിക്കാൻ വേണ്ടി അവർ കൊണ്ടു വന്ന ഒരു നിയമമാണ് 'കംപൽസറി മാര്യേജ് ആക്ട്." ഈ നിയമ പ്രകാരം അവിവാഹിതയായ ഒരു പെൺകുട്ടിയെ അവളുടെയോ അവളുടെ മാതാപിതാക്കളുടെയോ അനുവാദമില്ലാതെ കറുത്ത വർഗക്കാരന് യഥേഷ്ടം വിവാഹം കഴിക്കാം.
അവൾ സംസാരിക്കുമ്പോൾ ഞാൻ നിശബ്ദമായി കേട്ടിരിക്കും. മലയാളി പെൺകുട്ടികളെ പോലെ അവൾക്കും കറുത്ത നീണ്ട മുടിയുണ്ട്. എല്ലാ വെള്ളിയാഴ്ചയും 12 മണി കഴിഞ്ഞാൽ കോളേജിൽ അദ്ധ്യാപനമില്ല. കോളേജ് വിദ്യാർത്ഥികൾക്കെല്ലാം അവരവരുടെ വീടുകളിൽ സ്കൂൾ യൂണിഫോം ധരിക്കാതെ പോകാൻ അനുവാദമുണ്ട്. തിരികെ ഞായറാഴ്ച വൈകിട്ട് വന്നാൽ മതി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബസുകളുണ്ട്. ഒരു ദിവസം ഫാത്തിയാ അവളുടെ വീട്ടിലേക്ക് എന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. അവിടെയുള്ള പാകിസ്ഥാനി അദ്ധ്യാപകനെയും കൂടി ക്ഷണിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അവളുടെ പിതാവിന് അയാളെ ക്ഷണിക്കുന്നതിൽ തീരെ താത്പര്യമില്ലെന്ന് അവൾ പറഞ്ഞു. സാൻസിബാർ സർക്കാരിന്റെ കരാർ പ്രകാരം ഫാമിലി പാസേജുണ്ടായിട്ടും ഒരിക്കൽ പോലും ഭാര്യയെയും കുട്ടികളെയും ഏതാണ്ട് 45 വയസുള്ള അയാൾ സാൻസിബാറിൽ കൊണ്ടു വന്നിരുന്നില്ല. വിവാഹമോചനം നേടിയ അറബി യുവതികളെ മാറി മാറി അയാൾ വീട്ടിൽ താമസിപ്പിച്ചിരുന്നു. കംപൽസറി മാര്യേജിന്റെ കാലത്ത് വളരെയധികം അറബി പെൺകുട്ടികളെ കറുത്ത വർഗക്കാർ വിവാഹം കഴിക്കുകയും ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം അവരെ വിവാഹമോചനം നടത്തുന്നതും പതിവായിരുന്നു. ജീവിതത്തിലെല്ലാം നഷ്ടപ്പെട്ട് ജീവിക്കാൻ ഒരു മാർഗവുമില്ലാതാകുമ്പോൾ, കടുത്ത നിരാശയിൽ അവർ ലൈംഗിക തൊഴിലാളികളായി മാറുന്ന അത്യന്തം ദുഃഖകരമായ സ്ഥിതി വിശേഷം സാൻസിബാറിൽ സംജാതമായി.

ഒരു ശനിയാഴ്ച ഫാത്തിയ അവളുടെ കാറിൽ ഡ്രൈവറുമായി വന്ന്, ചാക്കെ ടൗണിലുള്ള അവളുടെ വീട്ടിലേക്ക് എന്നെ ലഞ്ചിനു കൂട്ടി കൊണ്ടു പോയി. വീട്ടിൽ സഹറാനും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ആജാനുബാഹുവായ സഹറാന്റെ മുൻ തലമുറക്കാർ, സാൻസിബാറിലെ അറബി സുൽത്താന്റെ കാലത്ത് ഗൾഫിലെ മസ്ക്കറ്റിൽ നിന്നും വന്ന അറബികളായിരുന്നു. ലഞ്ചിനു ചിക്കൻ പിലാവോയും മറ്റുള്ള പച്ചക്കറികളുമുണ്ടായിരുന്നു. കേരളത്തിൽ കിട്ടുന്ന എല്ലാ പച്ചക്കറികളും ഇവിടെയും സുലഭമായി ലഭിക്കും. എനിക്ക് പരിചയമുള്ള ഗോവാക്കാരും ഗുജറാത്തികളും ചാക്കെ ടൗണിലുള്ളതിനാൽ അവരെ കാണുവാൻ വേണ്ടി, ഞാൻ ഫാത്തിയായുടെ വീട്ടിൽ നിന്നും ലഞ്ചിന് ശേഷം യാത്ര പറഞ്ഞ് പോയി. അദ്ധ്യാപകർക്ക് മെച്ചപ്പെട്ട വേതനവും മറ്റുള്ള ആനുകുല്യങ്ങളും നൽകുന്ന രാജ്യങ്ങളായ നൈജീരിയയിലും സാംബിയയിലും ജോലിക്ക് ശ്രമിക്കുന്നുണ്ടായിരുന്നു. ആയിടയ്ക്ക് സാംബ്യയിൽ നിന്നും എനിക്ക് അദ്ധ്യാപക ജോലിക്കുള്ള ഓർഡർ തപാലിലൂടെ ലഭിച്ചു. സാൻസിബാറിലെ കരാർ പൂർത്തിയാക്കാതെ അവിടെ നിന്നും പോകുന്നത് കൊണ്ട് പുതിയ ജോലിയുടെ കാര്യം മറ്റുള്ള അദ്ധ്യാപകരോടും സ്കൂൾ ഓഫീസിലും ഞാൻ പറഞ്ഞില്ല. ഒരു മാസത്തെ ലീവിൽ നാട്ടിൽ പോയിട്ട് അവിടെ നിന്നും സാംബിയയ്ക്ക് പോകാൻ ഞാൻ തീരുമാനിച്ചു.
സന്തോഷം തുടിക്കുന്ന മനസുമായി എന്നെ യാത്രയാക്കാൻ എയർ പോർട്ടിൽ വന്ന ഏക വ്യക്തി ഫാത്തിയ ആയിരുന്നു. ഞാൻ സാൻസിബാറിൽ തിരികെ വരുമെന്ന ധാരണയായിരുന്നു അവൾക്ക്. ഈ രാജ്യത്തേക്ക് ഒരിക്കലും ഞാൻ തിരികെ വരുകയില്ലെന്നും ഇനിയും നമ്മൾ തമ്മിൽ ജീവിതത്തിൽ ഒരിക്കലും ഒരു കണ്ടുമുട്ടലുണ്ടാകുകയില്ലെന്നും അവളോട് വെളിപ്പെടുത്താൻ എന്റെ മനസ് അനുവദിച്ചില്ല. മറ്റുള്ള യാത്രക്കാരോടൊപ്പം ഞാനും വിമാനത്തിലേക്ക് നടന്നു നീങ്ങി.
നാട്ടിൽനിന്നും സാംബിയയിലെത്തി ഞാൻ പുതിയ ജോലിയിൽ പ്രവേശിച്ചു. പുതിയ സ്കൂൾ, പുതിയ കോമ്പൗണ്ട്, അപരിചിതരായ സഹപ്രവർത്തകർ, ബഹളം കൂട്ടി നടക്കുന്ന 'ബെംബാ" വംശക്കാരായ സ്കൂൾ കുട്ടികൾ! സാൻസിബാറും ഫിഡൽ കാസ്ട്രോ കോളേജും എന്റെ മനസിൽ നിന്നും ക്രമേണ മങ്ങി മായാൻ തുടങ്ങി; ഒപ്പം ഫാത്തിയായും! അക്കരപ്പച്ച തേടി പല ആഫ്രിക്കൻ രാജ്യങ്ങളിലും ജോലി ചെയ്തു. അവസാനത്തെ നീണ്ട ഇരുപത് വർഷങ്ങൾ സൗത്ത് ആഫ്രിക്കയിലായിരുന്നു. ഭൂമിയെ വാരിപ്പുണർന്നു കൊണ്ട് എത്രയോ വസന്തങ്ങൾ കടന്നുപോയി. സാൻസിബാറിൽ നിന്നും പോയ ശേഷം ഫാത്തിയായെപ്പറ്റി ഒരു വിവരവുമില്ല. സാൻസിബാറിൽ എവിടെയെങ്കിലും അവൾ ജീവിച്ചിരിപ്പുണ്ടാകാം. അതോ അവളുടെ മൂത്ത സഹോദരിമാരുടെ ദുരവസ്ഥ അവളെയും വേട്ടയാടിയോ? ഞാൻ ആദ്യമായി സാൻസിബാറിൽ പോകുന്ന സമയത്ത് എന്റെ ചുറ്റുമുണ്ടായിരുന്ന പ്രിയപ്പെട്ടവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരൊക്കെ കാല യവനികക്കുള്ളിലേക്കു പോയി കഴിഞ്ഞു. എന്റെ സ്വകാര്യ ദുഃഖങ്ങൾക്ക് അവധി കൊടുക്കാൻ ശ്രമിച്ചാലും ഒരു പിടി ഓർമ്മകൾ ഓടി എത്തും!