
ന്യൂഡൽഹി: മോറട്ടോറിയം കേസിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം അപൂർണമാണെന്ന് സുപ്രീം കോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങൾക്കും സത്യാവാങ്മൂലത്തിൽ മറുപടി കിട്ടിയില്ലെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പുതിയ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശം നൽകി.
മോറട്ടോറിയം നേടിയ രണ്ടു കോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വായ്‌പകളുടെ, മാർച്ച് ഒന്നു മുതൽ ഓഗസ്‌റ്റ് 31 വരെയുള്ള തിരിച്ചടവിനാണ് റിസർവ് ബാങ്ക് മോറട്ടോറിയം അനുവദിച്ചത്.
ഇക്കാലയളവിൽ വായ്‌പ തിരിച്ചടയ്ക്കേണ്ടെങ്കിലും പലിശ ഈടാക്കുമെന്ന് ബാങ്കുകൾ പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ്, പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്രം അറിയിച്ചത്. പിഴപ്പലിശ ഒഴിവാക്കുമ്പോൾ ബാങ്കുകൾക്ക് 5,000 -7,000 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മോറട്ടോറിയം നേടിയ എല്ലാ വായ്‌പകളുടെയും പിഴപ്പലിശ ഒഴിവാക്കിയാൽ ബാദ്ധ്യത 15,000 കോടി രൂപവരെ ആകും.
മോറട്ടോറിയം കാലയളവിലെ എല്ലാ വായ്‌പകളുടെയും പലിശ പൂർണമായി എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് ആറു ലക്ഷം കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബാങ്കുകളുടെ പ്രവർത്തനത്തെ തന്നെ ഇതു ബാധിക്കുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കൊവിഡ് കാലത്ത് നിഷ്‌ക്രിയ ആസ്‌തി (എൻ.പി.എ) വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ബാങ്കുകൾക്ക് 20,000 കോടി രൂപയുടെ മൂലധന സഹായം നൽകാൻ കഴിഞ്ഞമാസം സർക്കാരിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. മോറട്ടോറിയം പിഴപ്പലിശ ഒഴിവാക്കുമ്പോൾ ബാങ്കുകൾ നേരിടുന്ന ബാദ്ധ്യതയും സർക്കാർ വഹിക്കും. ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തിയാകും ഇത്.