
കോട്ടയം: നഗരമദ്ധ്യത്തിൽ കളക്‌ടറേറ്റിനു സമീപം സ്വർണ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിനു പിന്നിലെ ആസൂത്രണം ആരംഭിച്ചത് ചീട്ടുകളി കളത്തിൽ നിന്നെന്ന് സൂചന. മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ സ്ഥിരമായി എത്തിയിരുന്ന വ്യാപാരിയെ കുടുക്കാൻ ഇവിടെ നിന്നാണ് ഹണിട്രാപ്പ് സംഘം കെണിയൊരുക്കിയത്. ഗുണ്ടാ സംഘാംഗങ്ങളായ പ്രതികൾ കൂടുതൽ ആളുകളെ കെണിയിൽപ്പെടുത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ, കേസിലെ മുഖ്യആസൂത്രകൻ അടക്കമുള്ളവർ പിടിയിലായെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മെഡിക്കൽ കോളേജ് മുടിയൂർക്കര ഭാഗത്ത് നന്ദനം വീട്ടിൽ പ്രവീൺ കുമാർ (സുനാമി- 34) , മലപ്പുറം എടപ്പന വില്ലേജിൽ തോരക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ഹാനീഷ് ( 24) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കെണിക്കളം ക്രൗൺ ക്ലബ്
രണ്ടു മാസം മുൻപ് 18 ലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ പിടികൂടിയ മണർകാട്ടെ ക്രൗൺ ക്ലബിൽ നിന്നാണ് ഹണിട്രാപ്പിനായി ഗുണ്ടാസംഘം ഒരുക്കം തുടങ്ങിയത്. ഈ ചീട്ടുകളി കളത്തിനു കാവൽ നിന്നിരുന്ന കുപ്രസിദ്ധ ഗുണ്ടയാണ് പദ്ധതി തയാറാക്കിയത്. ഇപ്പോൾ കെണിയിൽ കുടുങ്ങിയ വ്യാപാരി സ്ഥിരമായി ചീട്ടുകളി കളത്തിൽ എത്തിയിരുന്നു. ഇയാളുടെ പക്കൽ പണമുണ്ടെന്നു തിരിച്ചറിഞ്ഞ ഗുണ്ടാസംഘം ഇയാളെ കെണിയിൽ കുടുക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പെൺകുട്ടികളെ ഉപയോഗിച്ച് ഇയാളെ ഇവിടെ വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്.
ചീട്ടുകളിക്ക് ശമ്പളം ലക്ഷങ്ങൾ
മലപ്പുറം സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാനീഷിനെ ഗുണ്ടാസംഘം കോട്ടയത്ത് എത്തിച്ചത് ചീട്ടുകളിക്കുവേണ്ടി. ഒരു മാസം രണ്ടു ലക്ഷം രൂപ വരെയാണ് ഇയാൾക്ക് നൽകിയിരുന്നത്. ചീട്ടുകളിയിലെ കള്ളക്കളികൾ ഹാനീഷിന് വശമുണ്ടായിരുന്നു. കള്ളക്കളികളിലൂടെ എത്രവലിയ കളിക്കാരനെയും ഇയാൾ തറപ്പറ്റിച്ചിരുന്നു. ഇത്തരത്തിൽ കൈയിൽ കാശുള്ളവരെ മനപൂർവം തോൽപ്പിക്കുന്നതിനും, ഇവരുടെ കൈയിൽ നിന്നും പണവും വാഹനവും അടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഗുണ്ടാസംഘം പണം നൽകി ഹാനിഷിനെ കോട്ടയത്ത് താമസിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ ഇയാൾക്കെതിരെ കേസുണ്ട്.
ഗുണ്ടയുടെ കാമുകി പിടിയിൽ
ഹണിട്രാപ്പ് കേസിൽ സ്വർണ വ്യവസായിക്കൊപ്പം നഗ്ന ചിത്രം പകർത്താനിരുന്ന യുവതി ആരെന്നു കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. ഹണിട്രാപ്പ് ആസൂത്രണം ചെയ്‌ത ഗുണ്ടയുടെ ചങ്ങനാശേരി സ്വദേശിയായ കാമുകി പൊലീസ് കസ്റ്റഡിയിലാണ്. യുവതിയെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെപ്പറ്റി കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. മുഖ്യ ആസൂത്രകന്മാരായ ഗുണ്ടകൾ പിടിയിലായെങ്കിൽ മാത്രമേ ഹണിട്രാപ്പിനായി എത്തിയ യുവതി ആരെന്ന് കണ്ടെത്താൻ സാധിക്കൂ. ഇതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.