life-mission

കൊച്ചി: ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി സി.ബി.ഐ. ഹൈക്കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. സന്തോഷ് ഈപ്പൻ പണം നൽകിയതിൽ അഴിമതിയുണ്ട്. ഐ ഫോൺ വാങ്ങി നൽകിയതിലും അഴിമതിയുണ്ടെന്നാണ് സി.ബി.ഐ വിശദീകരണം. സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹർജിയിലാണ് സി.ബി.ഐ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.

ലൈഫ് മിഷനിലെ ആളുകൾ പണം വാങ്ങിയോയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ സി.ബി.ഐ വിജിലൻസിന്റെ അന്വേഷണ ഫയലുകൾ വിളിച്ച് വരുത്തണമെന്നും കോടതിയെ അറിയിച്ചു. എന്നാൽ ഇപ്പോൾ ഫയലുകൾ ഇപ്പോൾ വിളിച്ചു വരുത്താൻ ഉദേശിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഫയൽ വിളിച്ച് വരുത്താനുളള നടപടിയെ സംസ്ഥാന സർക്കാരും എതിർത്തു. അതേസമയം സി.ബി.ഐ അന്വേഷണത്തിൽ സ്റ്റേയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.