
''എന്റെ ജോലിയിൽ  ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയർ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം  നിലനിൽക്കാൻ കഴിഞ്ഞത്""സിനിമയിൽ പതിനഞ്ചുവർഷം  പൂർത്തിയാക്കുന്ന നടി ഹണിറോസ്  മനസ് തുറക്കുന്നു...
കാഞ്ഞാർ നിറഞ്ഞൊഴുകുകയാണ്. ആ നിറചാരുതയിൽ നിന്ന് കണ്ണെടുക്കാതെ ഹണി റോസ് അച്ഛനോട് പറഞ്ഞു: ''പപ്പാ വണ്ടിയൊന്ന് നിറുത്തിക്കേ...""
അച്ഛൻ കാർ നിറുത്തുമ്പോഴേക്കും ഹണി റോസ് ചാടിയിറങ്ങി കാഞ്ഞാറിന്റെ തീരത്തേയ്ക്കോടി. മകളുടെ സന്തോഷം അച്ഛൻ മൊബൈൽ കാമറയിൽ പകർത്തി.
''കഥ വല്ലതും തോന്നുന്നുണ്ടോ?""
അച്ഛന്റെയും അമ്മയുടെയും ചോദ്യം ഹണിറോസിൽ ചിരിയുണർത്തി.
''കഥകളോടുള്ള എന്റെ ക്രേസ് പപ്പയ്ക്കും മമ്മിയ്ക്കും നന്നായറിയാം.""
ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ബോറടിച്ച് അച്ഛനമ്മമാർക്കൊപ്പം വെറുതേയൊരു ഡ്രൈവിനിറങ്ങിയതാണ് ഹണി റോസ്. മൂലമറ്റത്ത് ഹണിറോസിന്റെ വീട്ടിൽ നിന്ന് തൊടുപുഴയ്ക്ക് പോകും വഴി കാഞ്ഞാറിന്റെ മനോഹാരിത മനസ് നിറയെ കാണാം.
''കഥയെപ്പറ്റി പപ്പയും മമ്മിയും പറഞ്ഞതെന്താണ്?""
ചോദ്യം കേട്ടപ്പോൾ ഹണിറോസിന്റെ മുഖത്ത് വീണ്ടും ചിരി പരന്നു.
''കഥകളുടെ ആളാ ഞാൻ. ഭാവനയുടെ ലോകത്ത് വിഹരിക്കാൻ ഇഷ്ടമുള്ളയാൾ.""
ഹണി ആ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി.
കഥകൾ എഴുതാറുണ്ടോ?
എഴുതാറില്ല. പക്ഷേ കുറേ കഥകൾ മനസിലുണ്ട്.
കഥയെഴുത്തോ അതോ സംവിധാനമോ! എന്താണ് സിനിമയിലെ അടുത്ത പ്ലാൻ?
നമ്മളാരും പ്ലാൻ ചെയ്യുന്നതൊന്നുമല്ലല്ലോ ഇപ്പോൾ സംഭവിക്കുന്നത്? എങ്കിലും എനിക്ക് ഒരു സംവിധായികയാകണമെന്ന് മോഹമുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്തമാണ്. ഒരുപാട് പേരെ ഒരുമിച്ച് കൺട്രോൾ ചെയ്യേണ്ട വലിയ ഒരു ജോലി.അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകരെ നിരീക്ഷിക്കാറുണ്ട്.
ഹണിറോസ് സംവിധാനം ചെയ്യുന്ന ചിത്രം ഏത് ശൈലിയിലുള്ളതായിരിക്കും?
ഉറപ്പായും ഒരു റിയലിസ്റ്റിക്ക് സിനിമയായിരിക്കും. ഒരു റിയൽ ലൈഫ് സ്റ്റോറി ചെയ്യണമെന്നൊക്കെയാണ് ആഗ്രഹം.
ലോക്ക് ഡൗൺ കാലം എങ്ങനെയാണ് ചെലവഴിച്ചത് ?
ആരോഗ്യകാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. സിനിമയുടെ തിരക്കും മടിയുമൊക്കെ കാരണം മുടങ്ങിപ്പോയ വർക്കൗട്ട് വീണ്ടും തുടങ്ങി. കുറേ സിനിമകൾ കണ്ടു. പിന്നെ കൃഷി.
കൃഷിയോ?
അതേന്നേ... വീട്ടിൽ മാവ്, പ്ലാവ്, പേര, ചാമ്പ, വിദേശയിനം ആത്തച്ചക്കയായ റൊളീനിയ അങ്ങനെ കുറേയുണ്ട്.ചക്കയുടെ സീസണായതുകൊണ്ട് വീട്ടിൽ ചക്ക കൊണ്ടുള്ള പല വിഭവങ്ങളും പരീക്ഷിച്ചു. ചക്കപ്പുഴുക്ക്, ചക്ക ഹൽവ, ചക്ക ഷേയ്ക്ക്, ചക്ക ഐസ്ക്രീം. മമ്മി ചക്കപ്പുഴുക്കുണ്ടാക്കിയാൽ സൂപ്പറാണ്. ചക്കപ്പുഴുക്ക് ഞാനുണ്ടാക്കില്ല. ബാക്കി ചക്ക കൊണ്ടുള്ള ഏത് ഐറ്റവും ഉണ്ടാക്കും.

ലോക്ക് ഡൗണായപ്പോൾ സിനിമ പോലെ ബിസിനസും ക്ഷീണിച്ചോ?
'ഹണീസ് ബാത്ത് സ്ക്രബ്" എന്ന പ്രോഡക്ടാണ് ഞങ്ങളുണ്ടാക്കിയിരുന്നത്. രാമച്ചം കൊണ്ടുള്ള ഉല്പന്നങ്ങളാണ്. അവയ്ക്കൊപ്പം സോപ്പ് പോലെയുള്ള സിന്തറ്റിക് വേർഷനും കൂടി പുറത്തിറക്കാൻ പ്ലാനുണ്ടായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഇപ്പോൾ പ്രൊഡക്ഷൻ നിറുത്തി വച്ചിരിക്കുകയാണ്.
ലോക്ക് ഡൗൺ പഠിപ്പിച്ച പാഠങ്ങൾ എന്തൊക്കെയാണ്?
പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ മാറ്റം.സിനിമ പോലും മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറാൻ ഒരുങ്ങുകയാണ്. തിരക്കെന്ന കാരണം പറഞ്ഞ് നമ്മൾ മാറ്റി വച്ച പല കാര്യങ്ങൾക്കും സമയം കണ്ടെത്താനായിയെന്നതാണ് ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഒരു നേട്ടം. ഒരു വൈറസ് വിചാരിച്ചാൽ മതി നമ്മൾ മനുഷ്യരെ ഒന്നടങ്കം ഇല്ലാതാക്കാൻ സാധിക്കുമെന്ന് മനസിലായി.വലിയവരെന്നോ ചെറിയവരെന്നോ ഉള്ള വ്യത്യാസമില്ലാതെയായി. രോഗത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന തിരിച്ചറിവുണ്ടായി. പ്രളയം വന്നപ്പോഴും നമ്മളിതൊക്കെ പറഞ്ഞതാ. തിരിച്ചറിവ് വന്നുവെന്ന്! എന്നിട്ട് വന്നോ എന്തോ!
ലോക്ക്ഡൗൺ സമയത്ത് എറണാകുളത്തെ ഫ്ളാറ്റിൽ നിന്ന് മൂലമറ്റത്തെ വീട്ടിലേക്ക് വന്നത് നന്നായിയല്ലേ?
പിന്നേ.... ആലുവയിലെ ഫ്ളാറ്റിലായിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ. ഇവിടെ മൂലമറ്റത്ത് ഒന്നിനും ഒരു പഞ്ഞവുമില്ല. എറണാകുളത്തായിരുന്നെങ്കിൽ കടകളൊക്കെ അടഞ്ഞു കിടന്ന സമയത്ത് എല്ലാത്തിനും ബുദ്ധിമുട്ടിയേനെ. ഇവിടെ ആ പ്രശ്നങ്ങളൊന്നുമില്ല. നിഷ്കളങ്കരാണ് ഇവിടത്തെ മനുഷ്യർ.ഞാനിവിടെ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. വീട്ടിൽ നിന്ന് സ്കൂൾ. പിന്നെ സ്കൂൾ വിടുമ്പോൾ നേരെ വീട്. അതായിരുന്നു എന്റെ രീതി. പണ്ടേ അത്ര ബഹളക്കാരിയൊന്നുമല്ല. പഠിച്ച സ്കൂളിലുൾപ്പെടെ നാട്ടിൽ കുറേ ഫംഗ്ഷനുകൾക്ക് ഗസ്റ്റായിട്ട് പോയി. കുടുംബശ്രീ മീറ്റിംഗിൽ പങ്കെടുത്തു. സൺഡേ സ്കൂളിൽ പോയി.
സിനിമയിലെത്തിയിട്ട് പതിനഞ്ച് വർഷമാകുകയാണല്ലോ?
അതെ. കുറേ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ഇനിയും നല്ല സിനിമകൾ ചെയ്യണം. ജീവിതത്തിന്റെ അവസാനം വരെ സിനിമ കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം. എന്റെ ജോലിയിൽ ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയർ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞത്. എന്നെ തേടിവരുന്ന ചില സിനിമകളോട് പൊരുത്തപ്പെടാൻ പറ്റാതെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കമ്മിറ്റ് മെന്റുകൾ കാരണം ചില സിനിമകൾ ചെയ്യേണ്ടി വന്നിട്ടുമുണ്ട്.നമുക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ചെയ്യുന്ന ചില സിനിമകൾ തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വരാം.

'ചങ്ക്സ് " ചെയ്തപ്പോൾ ഒരുപാട് വിമർശനങ്ങൾ വന്നല്ലോ?
ഞാനിത് വരെ ചെയ്യാത്ത ശൈലിയിലുള്ള ഒരു കഥയും കഥാപാത്രവുമാണെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ആ സിനിമ റിലീസായി കഴിഞ്ഞപ്പോൾ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. ഞാൻ ഓവർ ഗ്ലാമറായി അഭിനയിച്ചുവെന്നായിരുന്നു ചിലർ പറഞ്ഞത്. വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വന്നു.ചങ്ക്സ് കഴിഞ്ഞ് കുറേക്കാലം എന്നെ തേടി വന്ന ഓഫറുകളെല്ലാം ഞാൻ വേണ്ടെന്ന് വച്ചു. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകൾ കൂടിയുണ്ട് അക്കൂട്ടത്തിൽ. ചങ്ക്സിന്റെ നിർമ്മാതാക്കാളിലൊരാൾ സംവിധായകൻ ജി. മാർത്താണ്ഡൻ സാറായിരുന്നു. അദ്ദേഹമോ ഒമർലുലു സാറോ ഒക്കെ ഒരു ഫൺ ഫിലിമായാണ് ചങ്ക്സിനെ കണ്ടിരുന്നത്. കഥ കേട്ടപ്പോൾ എനിക്കും അങ്ങനെ തന്നെയാണ് തോന്നിയതും. തിയേറ്ററിൽ നന്നായി ഓടിയ സിനിമയുമാണത്.പക്ഷേ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളായിരുന്നു കൂടുതലും. ഓവർ ഗ്ലാമർ.... ഡയലോഗുകളിലെ കുഴപ്പങ്ങൾ. പക്ഷേ ആ സിനിമ കണ്ട ഫാമിലി ഓഡിയൻസ് നന്നായി എൻജോയ് ചെയ്തുവെന്ന അഭിപ്രായമാണ് എന്നോട് പറഞ്ഞത്. മറ്റുഭാഷാ സിനിമകൾ അതിലെത്ര ഗ്ലാമറുകളുണ്ടെങ്കിലും ഡയലോഗുകളിൽ എന്തു കുഴപ്പമുണ്ടെങ്കിലും മലയാളികൾക്ക് പ്രശ്നമില്ല. അവർ അതാസ്വദിക്കും. സോഷ്യൽ മീഡിയയിലെ ചിലർ സിനിമ ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരാണ്.
സോഷ്യൽ മീഡിയയിലെ മോശം കമന്റുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
അത് അവഗണിക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ മോശമായി കമന്റ് ചെയ്യുന്നവരുടെ ഐഡി ഫേക്കായിരിക്കും.അവരുടെ ഭാഷയും വാക്കുകളുമൊക്കെ കേട്ടാൽ അറയ്ക്കും. അക്കൂട്ടത്തിൽ കൊച്ചുകുട്ടികൾ പോലുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.ഒരാളൊരു ചീത്തവാക്ക് ഉപയോഗിച്ചാൽ അടുത്തയാൾ അതേ വാക്ക് ആവേശത്തോടെ ഏറ്റെടുക്കുകയാണ്. നിയമപരമായി അവർക്കെതിരെ നടപടികളെടുക്കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ആയിരുന്നെങ്കിൽ അവരാ തെറ്റ് ആവർത്തിക്കില്ലല്ലോ. അവരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നതോടൊപ്പം അത്തരക്കാർക്കെതിരെ ശക്തമായ ഫലപ്രദമായ നിയമ നടപടികളും സ്വീകരിക്കണം.ചങ്ക്സ് എന്ന സിനിമ സത്യത്തിൽ എന്റെ റീച്ച് കൂട്ടിയിട്ടേയുള്ളൂ. ആ സിനിമ കഴിഞ്ഞ് ഞാനെത്രയോ ഉദ്ഘാടനങ്ങൾ ചെയ്തു. നമ്മൾ വന്നാൽ ആളു കൂടുമെന്നുള്ളത് കൊണ്ടല്ലേ ഫംഗ്ഷനുകൾക്കൊക്കെ വിളിക്കുന്നത്!
'അമ്മ"യുടെ എക്സിക്യൂട്ടീവ് അംഗമെന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങൾ?
സംഘടനാ കാര്യങ്ങളിലെല്ലാം ഞാൻ ഇൻവോൾവ്ഡാണ്. പ്രവൃത്തി പരിചയമുള്ള സീനിയർ അംഗങ്ങൾ കാര്യങ്ങൾ തീരുമാനിക്കും മുമ്പും ഞങ്ങളോടും അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ഞങ്ങളുടെ അഭിപ്രായങ്ങൾ അവരോട് പറയാറുമുണ്ട്.
പുതിയ സിനിമകൾ?
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിലായിരുന്നു ഇപ്പോൾ അഭിനയിക്കേണ്ടിയിരുന്നത്. ലോക്ക് ഡൗൺ കാരണമാണ് ആ സിനിമ നീണ്ടുപോയത്. നായികാ പ്രാധാന്യമുള്ള സിനിമയാണത്.അഭിനേതാവും മോഡലുമായ ഉസൈൻ പട്ടേലാണ് ആ സിനിമയിലെ നായകൻ. ചെറിയ സിനിമയാണ്. ലിമിറ്റഡ് ക്രൂവിനെ വച്ച് ചെയ്യുന്ന സിനിമ.