tea-shop

ഒരു കപ്പ് ചായയ്ക്ക് 1000 രൂപയെന്ന് പറഞ്ഞാൽ ആരാണ് ഞെട്ടാത്തത്. പശ്ചിമബംഗാളിലെ ഒരു ചായക്കടയിലെ ചായയുടെ വിലയാണിത്. പാർത്ഥപ്രതീം ഗാംഗുലിയുടെ ഈ വി.ഐ.പി ചായയ്ക്ക് നിരവധി സവിശേഷതകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ചതും അപൂർവവുമായ തേയില ഉപയോഗിച്ചാണ് ഇവിടെ ചായ ഉണ്ടാക്കുന്നത്. ചായപ്രേമിയായ ഗാംഗുലി മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് റോഡ് സൈഡിൽ ചായക്കട തുടങ്ങിയത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഗാംഗുലി അതിലൊന്നും തളർന്നില്ല. ലോകത്തിലെ മികച്ചതും വ്യത്യസ്തവുമായ ചായ നാട്ടുകാർക്ക് കുടിക്കാൻ അവസരം ഒരുക്കുകയാണ് അദ്ദേഹം.

സാധാരണ ചായക്കടകളിൽ നിന്ന് വ്യത്യസ്തമായ ഒരു ടീ ബാർ തന്നെയാണ് ഗാംഗുലി ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള 115 വ്യത്യസ്ത ചായകളാണ് ഗാംഗുലിയുടെ ചായക്കടയിൽ ലഭിക്കുക. കപ്പിന് 1000 രൂപ വിലവരുന്ന ജപ്പാനിൽ നിന്നുള്ള സ്പെഷ്യൽ സിൽവർ നീഡിൽ വൈറ്റ് ടീയാണ് ഇവിടുത്തെ ഏറ്റവും വിലകൂടിയ വി.വി.ഐ.പി ചായ. ഇതിന്റെ തേയിലയ്ക്ക് കിലോയ്ക്ക് 2.8 ലക്ഷം രൂപയാണ് വില. ഇനിയുമുണ്ട് ഗാംഗുലിയുടെ ചായക്കടയിലെ സ്പെഷ്യലുകൾ. കിലോയ്ക്ക് 50,000 രൂപ മുതലുള്ള ബോ-ലെയ് ടീ, ഷമോമിലേ ടീ (കിലോ 14,000 രൂപ), ഹിബിസ്കസ് ടീ (കിലോ 7500 രൂപ), റൂബിയോസ് (കിലോ 20000 രൂപ), ഒകായ്റ്റി ടീ (കിലോ 32000 രൂപ), ലാവന്റർ ചായ (കിലോ 16,000 രൂപ) ഇങ്ങനെ നീളുന്നു ചായയിലെ വെറൈറ്റികൾ.

ഇതുകൂടാതെ, ചോക്ലേറ്റ് ചായ, വൈറ്റ് ടീ, മെയ്സ് ടീ, ബ്ലൂ ടീ എന്നിങ്ങനെ നിരവധി വെറൈറ്റി ചായകളും ഗാംഗുലിയുടെ കടയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. തന്റെ കടയുടെ മുന്നിലൂടെ പോകുന്ന ആയിരം പേരിൽ നൂറ് പേരെങ്കിലും കടയിൽ കയറി ചായ കുടിക്കുന്നുണ്ടെന്നാണ് ഗാംഗുലിയുടെ പക്ഷം. മാത്രമല്ല, നിരവധി സ്ഥിരം കസ്റ്റമേഴ്സും ഗാംഗുലിയുടെ ചായയ്ക്കുണ്ട്.
ചായ പ്രേമികളായ തന്റെ കസ്റ്റമേഴ്സിന് ഇത് മനസ്സിലാകുമെന്ന് ഗാംഗുലി പറയുന്നു. തേയിലയുടെ വില വച്ചു നോക്കുമ്പോൾ ചായയ്ക്ക് വലിയ വില ഈടാക്കുന്നില്ലെന്നാണ് ഗാംഗുലിയുടെ പക്ഷം.