
കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിൽ സമാനതകളില്ലാത്ത വാർത്തകളാണ് ആരോഗ്യരംഗത്ത് നിന്നും അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്നത്. 14 മണിക്കൂർ ചികിത്സ തേടി അലഞ്ഞ പൂർണ ഗർഭിണിയായ യുവതിയ്ക്ക് രണ്ട് കുഞ്ഞുങ്ങളും നഷ്ടമായ സംഭവവും , ശരീരമാസകലം പുഴുവരിച്ച നിലയിൽ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തേണ്ടിവന്ന തിരുവനന്തപുരം സ്വദേശിയുടെയും വാർത്തകൾ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ വയോധികനെ ഇരുപതോളം ദിവസം കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടതായാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. കൊവിഡ് രോഗികൾക്കോ, മറ്റ് രോഗബാധിതരായി ആശുപത്രികളിലെത്തുന്നവർക്കോ ഫലപ്രദമായ , രോഗപരിപാലനം ഉണ്ടാകുന്നില്ലായെന്നതാണ് ഈ സംഭവങ്ങളിലൂടെ വെളിവാകുന്നത്. കൊവിഡ് പ്രതിരോധ രംഗത്ത് പൂർണമായ പരാജയത്തിന്റെ ചിത്രമാണ് കേരളത്തിൽ തെളിയുന്നത്. പ്രതിദിനം 8000 ത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളം ഇപ്പോൾ അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, സ്‌പെയിൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലൊന്നായി മാറി. രോഗപരിശോധനയുടെ കാര്യത്തിൽ കേരളം പിന്നിലാണെന്നതും രോഗികളിൽ നല്ലൊരു ശതമാനത്തിന്റെ രോഗാവസ്ഥ കണ്ടുപിടിക്കാത്തതിനാൽ സമൂഹത്തിൽ രോഗവ്യാപനം കൂടുകയുമാണ്. കുറഞ്ഞ നിരക്കിലെ രോഗപരിശോധനയും ഉയർന്ന രോഗവ്യാപനവുമാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. കേരളത്തിൽ രോഗത്തിന്റെ ആദ്യമാസങ്ങളിൽ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് ടെസ്റ്റുകളുടെ എണ്ണം ക്രമാതീതമായി കുറച്ചതാണ് സാമൂഹ്യ വ്യാപനത്തിന്റെ വഴി തുറന്നത്. അതോടൊപ്പം തന്നെ ജൂൺ - ജൂലായ് മാസങ്ങളിൽ തന്നെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിലും കൊവിഡ് മരണത്തിലും ശരിയായ ദിശയിലുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കി . ഓഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിൽ രോഗവ്യാപനം കൂടുതലാകുന്നതിന് ഇപ്പോൾ യുഡിഎഫ് സമരങ്ങളുടെ മേൽ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലാണെന്ന് ജൂലൈ അവസാനം തന്നെ പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രിയാണ്. എന്നാൽ അതിനെ നേരിടാനുള്ള കർമ്മപദ്ധതിയോ, ആശുപത്രി സംവിധാനങ്ങളോ ഒരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് ഇപ്പോൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുകയാണ്. ടെസ്റ്റുകൾ അപര്യാപ്തമായതും വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതും കൊവിഡ് പ്രതിരോധ രംഗത്തെ വീഴ്ചകളാണ്. ഒപ്പം നിരീക്ഷണത്തിലുള്ള രോഗികൾ സർക്കാർ ആശുപത്രിയിൽ ആത്മഹത്യ ചെയ്യുന്നതും, കൊവിഡ് രോഗി സർക്കാർ ആംബുലൻസിൽ പീഡിപ്പിക്കപ്പെടുന്നതും, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതി ആരോഗ്യ പ്രവർത്തകനാൽ പീഡിപ്പിക്കപ്പെടുന്നതും നമ്മുടെ സംസ്ഥാനത്തിന്റെ ആരോഗ്യ യശ്ശസിന് മേൽ കരിനിഴൽ വീഴ്‌ത്തുന്നത് സംഭവങ്ങളാണ്. കൊവിഡിനോടൊപ്പം മറ്റ് ചികിത്സകൾക്കുമായി ആശുപത്രിയിലെത്തുന്നവർക്ക് ജീവൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. ആരോഗ്യമേഖല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ വാചക കസർത്തുകളല്ലാതെ പ്രവർത്തനമുണ്ടാകാത്തത് അപലപനീയം തന്നെയാണ്. കേരളത്തിൽ കൂടുതൽ പേർക്ക് രോഗമുണ്ടായാൽ മരണങ്ങളുടെ എണ്ണവും വർധിക്കും. കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് രോഗനിയന്ത്രണത്തിൽ കേരളം എല്ലാ നാടുകളെക്കാളും മുന്നിലാണെന്ന് പ്രചാരണം മതിയാക്കി സർക്കാർ ചെയ്യാനുള്ള കാര്യങ്ങൾ പാളിച്ചകളും വീഴ്ചകളും കൂടാതെ ചെയ്യുന്നതാണ് കരണീയം. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ കേരളം ഇപ്പോൾ രോഗാതുരമാകുകയാണ്.