covid

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കഴിഞ്ഞ 12 ദിവസത്തിനിടെ 50 ശതമാനത്തിന്റെ വർദ്ധനയുണ്ടാകുന്നത് ജില്ലാഭരണകൂടത്തെയും ജില്ലാ ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കി. ഇത്രയും ദിവസത്തിനിടെ 10,000ന് മുകളിൽ പുതിയ രോഗികൾ ഉണ്ടാവുകയും ചെയ്തതോടെ തലസ്ഥാനത്തെ സ്ഥിതി ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നതിന്റെ സൂചനയാണ്. അതേസമയം, ക്ളസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപന നിരക്ക് കുറഞ്ഞത് ആരോഗ്യവകുപ്പിന് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ചേറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണ് (1119) ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇപ്പോൾ ജില്ലയിലെ പ്രതിദിന പരിശോധന 5000ന് മുകളിലാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും ഉയരാനുള്ള സാദ്ധ്യതയാണുള്ളത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ബി,​ സി കാറ്റഗറികളിൽ പെടുന്ന ആശുപത്രികളിലും ഐ.സി.യുകളിലും ചികിത്സ വേണ്ട രോഗികളുടെ എണ്ണം ഉയർന്നിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികളിലെ 75 ശതമാനം കിടക്കകളും ഇത്തരം രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ മരണനിരക്ക് ഉയരാൻ ഇതിടയാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാകളക്ടറെ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഉറവിടം അറിയാത്ത കൊവിഡ് രോഗികളിലുണ്ടാകുന്ന വർദ്ധനയും.

സംസ്ഥാനത്ത് കൊവിഡ് രോഗം കണ്ടെത്താൻ നടത്തുന്ന പരിശോധനകളിൽ പോസിറ്റീവാകുന്നവരുടെ ഏറ്റവും ഉയർന്ന ശതമാന നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) ജില്ലയിൽ 10 ശതമാനം ആണ്. കൊവിഡ് പരിശോധനകളുടെ ക്ഷമത സംബന്ധിച്ച സൂചകമാണ് ടി.പി.ആർ. പരിശോധനകൾ കുറയുന്നതോടെ രോഗം അതിരൂക്ഷമായി വ്യാപിക്കാൻ ഇടയാക്കും. ടി.പി.ആറിലൂടെയാണ് കൊവിഡെന്ന മഹാമാരിയുടെ വ്യാപനത്തോത് എത്രയെന്ന് മനസിലാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് ടി.പി.ആർ അഞ്ച് ശതമാനമായി നിൽക്കുന്നതാണ് അഭികാമ്യം. എന്നാൽ 10 ശതമാനത്തിൽ കൂടാനും പാടില്ല. 14 ദിവസം ടി.പി.ആർ അഞ്ച് ശതമാനമായി നിലനിറുത്താനായാൽ മികച്ച രീതിയിൽ പരിശോധനകൾ നടക്കുന്നതായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.

മരണനിരക്കിൽ കുറവ്

അതിനിടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിലെ കൊവിഡ് മരണനിരക്കിൽ കുറവ് രേഖപ്പെടുത്തി. 0.68 ശതമാനം ആയിരുന്ന നിരക്ക് 0.66 ശതമാനമായാണ് കുറ‍ഞ്ഞത്. സർക്കാരിന്റെ കണക്ക് പ്രകാരം 255 ആണ് ജില്ലയിലെ ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ. എന്നാൽ, സർക്കാരിന്റെ കണക്കിൽപെടാതെ 33 മരണങ്ങൾ കൂടി നടന്നിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന കാരണങ്ങളാൽ ആരോഗ്യവകുപ്പ് ഇതിനെ കൊവിഡ് മരണങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല.