kaumudy-news-headlines

1. ബാങ്ക് വായ്പ തിരിച്ച് അടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്റ പലിശ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണം എന്ന് സുപ്രീംകോടതി. കോടതി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം അധിക സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരനോടും റിസര്‍വ്വ് ബാങ്കിനോടും കോടതി ഉത്തവിട്ടു. രണ്ട് കോടി രൂപവരെ ഉള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും എന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടേയുള്ള മേഖലകളിലെ വന്‍കിട വായ്പകള്‍ ക്രമീകരിക്കുന്നതില്‍ എന്താണ് തീരുമാനമെന്ന് കോടതി ചോദിച്ചു


2. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് കൊച്ചി സി.ബി.ഐ ഓഫീസില്‍. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആയ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവര്‍ക്കൊപ്പം യു.വി ജോസിനേയും ഒരുമിച്ച് ഇരുത്തി ആണ് ചോദ്യം ചെയ്യല്‍. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലുകള്‍ പലതും വിജിലന്‍ എടുത്തതിനാല്‍ ഏതൊക്കെ ഫയലുകള്‍ ആണ് ഹാജരാക്കുന്നത് എന്ന കാര്യം വ്യക്തമല്ല
3. അതേസമയം, യൂണിടാക് എംഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല വക്കീല്‍ നോട്ടീസയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചത്. തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു
4. തൃശൂര്‍ ചിറ്റിലങ്ങാട് സി.പി.എം നേതാവ് പി.യു സനൂപിന്റേത് രാഷ്ട്രീയ കൊലയെന്ന് മന്ത്രി എ.സി.മൊയ്തീന്‍. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. സി.പി.എം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. ആര്‍.എസ്.എസ്, ബജ്രംഗ്ദള്‍ ബന്ധം ഉള്ളവരാണ് പ്രതികളെന്നും മന്ത്രി പറഞ്ഞു. രാത്രി പതിനൊന്നോടെ ആണ് ആറംഗ സംഘത്തിന്റെ അക്രമം ഉണ്ടായത്. കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് ആണ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരായ വിബു, ജിതിന്‍, അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. മൂവരേയും തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
5. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു സനൂപും സി.പി.എം പ്രവര്‍ത്തകരും. സുഹൃത്തിന് ചിലരുമായി തര്‍ക്കം ഉണ്ടായിരുന്നു. രണ്ടു ബൈക്കുകളിലായി പോയ നാലു പേരാണ് ആക്രമിക്കപ്പെട്ടത്. സനൂപ് സംഭവസ്ഥലത്തു തന്നെ മരിച്ചു. സ്ഥലത്ത് വന്‍ പൊലീസ് കാവലുണ്ട്. കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ക്യാംപ് ചെയ്താണ് അന്വേഷണം. ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ എന്നയാളാണ് മുഖ്യപ്രതി. നന്ദനടക്കം ആറു പ്രതികളും ഒളിവിലാണ്. ഒരു മാസം മുന്‍പാണ് നന്ദന്‍ ഗള്‍ഫില്‍ നിന്നെത്തിയത്
6. അതേസമയം, കൊലപാതകത്തില്‍ ബി.ജെ.പിയ്‌ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ബന്ധമില്ല എന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പാതിരാത്രി നടന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവും ഇല്ലാത്ത സംഭവത്തെ രാഷ്ടീയവല്‍ക്കരിച്ച് തനിക്ക് എതിരെയുള്ള ലൈഫ് ഫ്ളാറ്റ് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി എ.സി മൊയ്തീന്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ക്കഥ ആയത് ഈ സര്‍ക്കാരിന്റെ ഭരണപരാജയം ആണെന്ന് അംഗീകരിക്കുക ആണ് മൊയ്തീന്‍ ചെയ്യേണ്ടത്. പാതി രാത്രി തന്റെ വീട്ടില്‍ നിന്ന് കലോമീറ്ററുകള്‍ക്ക് അകലെ വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റ്മുട്ടലില്‍ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണം. ഗുണ്ടാ കഞ്ചാവ് മാഫിയകള്‍ക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന ഏ.സി മൊയ്തീനും സി.പി.എം നേതാക്കളും കേരള സര്‍ക്കാരുമാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ എന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ വ്യക്തമാക്കി.
7. കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ ആരോഗ്യ വകുപ്പ് നടപടികള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ ഇന്നും ഒ.പി ബഹിഷ്‌കരിക്കുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജിലേയും ഒ.പിയാണ് രണ്ട് മണിക്കൂര്‍ ബഹിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ അനശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌ക്കരിക്കും എന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു .കൊവിഡ് ഡ്യൂട്ടി മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് സംഘടന ആരോഗ്യ മന്ത്രിക്ക് കത്തും നല്‍കി.
8. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഏഴ് ദിവസത്തെ ഓഫ് എന്ന വ്യവസ്ഥ തുടരണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ പിടിച്ച ശമ്പളം ഉടന്‍ നല്‍കണം. റിസ്‌ക് അലവന്‍സ് എന്‍.എച്ച്.എം ജീവനക്കാരുടേതെന്ന് സമാനമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.