tesla

ബംഗളൂരു: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല വൈകാതെ ഇന്ത്യയിലുമെത്തും. ഇന്ത്യയുടെ ഇലക്‌ട്രിക് വാഹന നിർമ്മാണ ഹബ്ബായ ബംഗളൂരുവിൽ ഗവേഷണ - വികസന കേന്ദ്രവും (ആർ ആൻഡ് ഡി സെന്റർ) നിർമ്മാണ പ്ളാന്റും തുറക്കാൻ ടെസ്‌ലയെ കർണാടക സർക്കാർ ക്ഷണിച്ചിട്ടുണ്ട്.

അടുത്തവർഷം ടെസ്‌ല ഇന്ത്യയിലെത്തുമെന്ന ഉറപ്പ് കഴിഞ്ഞയാഴ്‌ച ട്വിറ്ററിലൂടെ സി.ഇ.ഒ എലോൺ മസ്‌കും പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് പുറത്ത് ചൈനയിൽ ടെസ്‌ലയ്ക്ക് നിലവിൽ പ്ളാന്റുണ്ട്. ഇതിനകം 50,000 കാറുകളുടെ വില്പന ചൈനയിൽ ടെസ്‌ല നേടി.

2025 ഓടെ 50,000 കോടി രൂപയുടെ മൂല്യം നേടുമെന്ന് കരുതുന്ന ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിലും വൻ പ്രതീക്ഷയുണ്ട് ടെസ്‌ലയ്ക്ക്. 2017ൽ ഇലക്‌ട്രിക് വാഹന നയം അവതരിപ്പിച്ച കർണാടക ഈ രംഗത്ത് വൻ നിക്ഷേപം ഇതിനകം നേടിക്കഴിഞ്ഞു. ഒല മൊബിലിറ്റി, ഏതർ എനർജി, മഹീന്ദ്ര ഇലക്‌ട്രിക്, ഡെയിംലർ, ബോഷ് തുടങ്ങിയവയുടെ ഓഫീസുകളും ബംഗളൂരുവിലാണ്.