
ന്യൂഡൽഹി: മോട്ടോറോളയുടെ പുതിയ റേസർ 5ജി സ്‌മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി. 1.24 ലക്ഷം രൂപയാണ് വില. 5ജി കണക്‌ടിവിറ്റിക്കായുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രൊസസറാണ് ഫോണിന്റെ പ്രധാന മികവ്.
എട്ട് ജിബിയാണ് റാം. സ്‌റ്റോറേജ് 256 ജിബി. ബാറ്ററി പക്ഷേ 2,800 എം.എ.എച്ച് മാത്രമാണ്. മടക്കിവയ്ക്കാവുന്ന സ്‌ക്രീനോട് കൂടിയ, കുഞ്ഞൻ 'ക്ളാംഷെൽ" ഡിസൈൻ ഫോണിന്റെ സവിശേഷതയാണ്. അകത്തും കവർ ഡിസ്‌പ്ളേയിലുമായി രണ്ട് സ്‌ക്രീനുകളുണ്ട്. കവറിലെ 2.7 ഇഞ്ച് ഡിസ്‌പ്ളേയിൽ മൊബൈൽ ആപ്പുകളും പ്രവർത്തിപ്പിക്കാം.
21:9 ആസ്‌പെക്‌റ്റ് റേഷ്യോയോട് കൂടിയ, 6.7 ഇഞ്ച് ഫ്ളക്‌സ് വ്യൂ ഡിസ്‌പ്ളേയാണ് ഉള്ളിൽ. ഫിംഗർപ്രിന്റ് സ്‌കാനർ ഫോണിന്റെ പിന്നിലേക്ക് മാറ്റിയിട്ടുണ്ട്. കവർ സ്‌ക്രീനിൽ 48 എം.പി സിംഗിൾ കാമറയും അകത്ത് സ്‌ക്രീനിന് മുകളിൽ 20 എം.പി കാമറയും കാണാം.
പോളിഷ്ഡ് ഗ്രാഫൈറ്റ് കളർ ഷെയ്ഡ് മാത്രമുള്ള ഫോണിന്റെ ബുക്കിംഗ് ഇന്നലെ തുടങ്ങി. 12 മുതലാണ് വിതരണം.