
ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനത്തിനും അഴിമതി കേസുകളിലും അന്വേഷണം നേരിടുന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ പക്കൽ നിന്നും സി.ബി.ഐ റെയ്ഡിൽ കണക്കിൽ പെടാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഡി.കെ ശിവകുമാറിന്റെയും സഹോദരനും ലോക്‌സഭാംഗവുമായ ഡി.കെ സുരേഷിന്റെയും ഓഫീസ്, താമസസ്ഥലം ഉൾപ്പടെ 14 ഇടങ്ങളിൽ ഒരേസമയം നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.കർണാടകത്തിൽ ഒൻപത് ഇടത്തും,ഡൽഹിയിൽ നാലിടത്തും മുംബയിൽ ഒരിടത്തുമായിരുന്നു റെയ്ഡ്.
സൗരോർജ പദ്ധതിയുമായി ബന്ധമുളള അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമാണ് ശിവകുമാറിനെതിരെ അന്വേഷണമുളളത്. എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വിവരങ്ങൾ അവർ സി.ബി.ഐക്ക് കൈമാറി. തുടർന്ന് സി.ബി.ഐ എടുത്ത കേസിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയത്. മുൻപ് ശിവകുമാറിനെതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. തുടർന്നാണ് സി.ബി.ഐ അന്വേഷണം നടന്നത്. ഇതിനെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർച്ഛേവാ ശക്തിയായി പ്രതികരിച്ചു. സി.ബി.ഐ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൈയിലെ കളിപ്പാവയായെന്ന് അദ്ദേഹം ആരോപിച്ചു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ചു. എപ്പോഴും രാഷ്‌ട്രീയ പകപോക്കൽ നടത്തി ജനശ്രദ്ധ അകറ്റുന്ന പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെ റെയ്ഡിനെ ശക്തിയായി അപലപിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്‌തംബറിൽ ആദായ നികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഡി.കെ ശിവകുമാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ഒക്‌ടോബർ മാസത്തിൽ ജയിൽമോചിതനായി.