chamabaka

കേരളത്തിൽ ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഒരു പഴവർഗമാണ് ചാമ്പയ്‌ക്ക. പണ്ടുകാലത്ത് വീടുകളിലും തൊടികളിലുമൊക്കെ ധാരാളമായി ഉണ്ടായിരുന്ന ഒന്നായിരുന്നു ചാമ്പ. വേനൽകാലത്ത് നിറയെ കായ്‌ക്കുന്ന ഇവ ശരീരം തണുപ്പിക്കാൻ ഏറ്റവും മികച്ച പഴമാണ്. അധികം ശ്രദ്ധ നൽകിയില്ലെങ്കിൽ പോലും നന്നായി കായ്ഫലം ഉണ്ടാകുമെന്നതാണ് പ്രത്യേകത.

വിത്ത് മുളപ്പിച്ചോ കമ്പ് മുളപ്പിച്ചോ ഒക്കെ ചാമ്പ നടാം. പഴുത്ത ചാമ്പയ്‌ക്കയുടെ ഉള്ളിലെ വിത്ത് ഉണക്കിയെടുത്ത് വേണം നടാൻ. ഗ്രോബാഗിലോ ചട്ടികളിലോ വച്ച് വിത്ത് മുളപ്പിച്ചെടുക്കാം. തൈ മുളച്ച് മാറ്റി നടാവുന്ന ഉയരമാകുമ്പോഴേക്കും മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം തൈ നടാൻ. കിളച്ച് ജൈവവളമിട്ട കുഴികളിലേക്ക് വേണം തൈകൾ മാറ്റി നടാൻ. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴികൾ വേണം അതിനായി തെരഞ്ഞെടുക്കാൻ. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും മേൽമണ്ണുമായി യോജിപ്പിച്ച് കുഴി നിറച്ച് തൈകൾ നടണം. നട്ട് ഒരു മാസത്തേക്ക് നനച്ചു കൊടുക്കണം.

ഏകദേശം ഇരുപത് വർഷത്തോളം നന്നായി കായ്ഫലം തരാൻ ചാമ്പയ്‌ക്ക് കഴിയും. നല്ല വിളവ് കിട്ടാനായി വർഷത്തിൽ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താവുന്നതാണ്. വേനൽകാലത്ത് ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും നനച്ചു കൊടുക്കുന്നതും നല്ലതാണ്. അധികം ഉയരം വേണ്ടാത്തവർക്ക് ഇടയ്‌ക്ക് കൊമ്പ് ചീകി കൊടുക്കാവുന്നതുമാണ്. ചാമ്പ പൂവിട്ട് തുടങ്ങിയാൽ കുറച്ച് ദിവസത്തേക്ക് നനച്ചു കൊടുക്കുന്നത് നല്ലതാണ്. അതുപോലെ ചാമ്പയിൽ പൂവ് പിടിക്കാനായി ചെറുതായി പുക നൽകുന്നതും നല്ലതാണ്. പൊതുവേ അധികം കീടബാധകളൊന്നും തന്നെ ചാമ്പയെ ബാധിക്കാറില്ല. പഴമായും ജ്യൂസായും സ്‌ക്വാഷായും അച്ചാറും ഉപ്പിലിട്ടതുമൊക്കെയായി ചാമ്പയ്‌ക്കയെ ഉപയോഗിക്കാം.