chithra-wagh-priyanka-gan

മുംബയ്: ഹത്രാസ് സന്ദർശനത്തിനിടെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ കോൺഗ്രസ് അനുയായികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ച പൊലീസുകാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഉപാദ്ധ്യക്ഷ ചിത്ര വാഗ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ചിത്ര ഇക്കാര്യം ആവശ്യപ്പെട്ടത്.

पुरुष पुलिस की जुर्रत कैसे हुई कि वो एक महिला नेता के वस्त्रों पर हाथ डाल सके!समर्थन मे अगर महीलाए आगे आ रही है पुलीस कही की भी हो उन्हे अपनी मर्यादा का ध्यान रखना ही चाहीए
भारतीय संस्कृती मे विश्वास रखनेवाले मुख्यमंत्री @myogiadityanath जी ऐसे पुलीसवालोपर सख्त कारवाई करे @dgpup pic.twitter.com/RfbXiIIXcI

— Chitra Kishor Wagh (@ChitraKWagh) October 4, 2020

ഇന്ത്യൻ സംസ്‌ക്കാരത്തിൽ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിത്ര വ്യക്തമാക്കി. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ കുടുംബത്തെ കാണാനായി പ്രിയങ്ക ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും ഉൾപ്പടെയുളള കോൺഗ്രസ് നേതാക്കൾ ഹത്രാസിലേക്ക് പോകുന്നതിനിടെയാണ് ഡൽഹി-യു.പി അതിർത്തിയിൽ പൊലീസ് നേതാക്കളെ തടയുകയും പ്രവർത്തകർക്ക് നേരെ ലാത്തിവീശുകയും ചെയ്‌തത്. തുടർന്നാണ് പ്രിയങ്കയ്‌ക്ക് നേരേയും കൈയ്യേറ്റ ശ്രമമുണ്ടായത്.

മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് നേതാവ് സത്യജിത് തംബെ ചിത്ര വാഗിന്റെ നിലപാടിനെ പ്രശംസിച്ചു. കഴിഞ്ഞ വർഷം ബി.ജെ.പിയിൽ ചേരാൻ എൻ.സി.പിയിൽ നിന്ന് പുറത്തുപോയ വാഗ് പാർട്ടി മാറിയെങ്കിലും തന്റെ കർമ്മത്തിൽ വിശ്വസിക്കുന്നുവെന്നായിരുന്നു സത്യജിത്തിന്റെ പ്രതികരണം. സംഭവത്തിൽ കഴിഞ്ഞദിവസം ഗൗതം ബുദ്ധനഗർ പൊലീസ് പ്രിയങ്കയോട് മാപ്പ് പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തിരുന്നു.