
വെല്ലിംഗ്ടൺ: വീണ്ടും ഞങ്ങൾ ആ മാരക വൈറസിനെ തോൽപ്പിച്ചു" എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡെൻ. കഴിഞ്ഞ 12 ദിവസമായി ഒരു കൊവിഡ് കേസുപോലും രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടില്ല. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഈ സന്തോഷ പ്രഖ്യാപനം. കൊവിഡ് വീണ്ടുമെത്തിയ ഓക്‌ലൻഡിലെ ജനങ്ങൾ രണ്ടാം ലോക്ക്ഡൗണിനോട് അകമഴിഞ്ഞ് സഹകരിച്ചതാണ് നേട്ടം കൈവരിക്കാൻ ഇടനൽകിയതെന്നും ജസിന്ത പറയുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് രാജ്യത്ത് രണ്ടാം ഘട്ട വ്യാപനമുണ്ടായത്.
തുടർന്ന് ഫോർ ലെയർ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും രാജ്യത്ത് കൊണ്ടുവരികയായിരുന്നു. വരുന്ന 17ന് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെസിന്തയുടെ പുതിയ പ്രഖ്യാപനമെത്തിയത്. എന്നാൽ, എതിർകക്ഷികൾ കൊവിഡ് വീണ്ടും രാജ്യത്ത് പടർന്നതിനെ ആയുധമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.