
കൊവിഡ് ലോകം മുഴുവൻ പിടിമുറുക്കിയിരിക്കുകയാണ്. ലോകത്തെ കൊവിഡ് മുക്തമാക്കണമെങ്കിൽ ഫലപ്രദമായ ഒരു വാക്സിൻ വരണം. ലോകമെമ്പാടുമുള്ള ഗവേഷകർ വാക്സിൻ കണ്ടെത്തുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഏതായാലും വാക്സിൻ ലോക ജനതയ്ക്ക് മുഴുവൻ ലഭ്യമാകുന്നത് വരെ വൈറസ് വ്യാപനം നിയന്ത്രിച്ചു നിറുത്തുക എന്നതാണ് ഏക മാർഗം. കൃത്യമായ പരിശോധന, ചികിത്സ, ക്വാറന്റൈൻ, സാമൂഹ്യ അകലം എന്നിവ കൊണ്ടേ അത് സാധിക്കൂ.
കൊവിഡ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള കാര്യക്ഷമമായ പരിശോധന തന്നെയാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. എത്രയും വേഗത്തിൽ ഫലം കണ്ടെത്താൻ കഴിയുന്നുണ്ടോ, അത്രയും നേരത്തെ കൊവിഡ് ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ സാധിക്കും. ഇതിൽ പുത്തൻ വഴിത്തിരിവ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്ന പേപ്പർ സ്ട്രിപ് കൊവിഡ് 19 ടെസ്റ്റ് കിറ്റ്. ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഗവേഷകരാണ് ലോകത്ത് തന്നെ ആദ്യമായി കൊവിഡ് പരിശോധനയ്ക്കായുള്ള പേപ്പർ സ്ട്രിപുകൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റ ഈ സ്ട്രിപ്പുകൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ജീൻ എഡിറ്റിംഗിന് ഉപയോഗിക്കുന്ന ക്രിസ്പർ ടെക്നോളജിയെ അടിസ്ഥാനമാക്കിയാണ് ഈ കിറ്റിന് രൂപം നൽകിയിരിക്കുന്നത്.
' ഫെലൂദ '( FELUDA ) എന്ന് പേരിട്ടിരിക്കുന്ന ഈ സ്ട്രിപിന് വെറും 500 രൂപ മാത്രമാണ് ചെലവ്. 2000 ത്തോളം പേരിൽ ഈ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ നിന്നും കിറ്റ് 98 ശതമാനം കൃത്യതയും 96 ശതമാനം സംവേദനക്ഷമതയും കാട്ടുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ട്രിപ്പുകൾ വഴി ഒരു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും.