highway

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാതകളിൽ 24 മണിക്കൂറും അടിയന്തര സഹായവുമായി പ്രവർത്തിക്കുന്ന ഹൈവേ പൊലീസ് പട്രോളിംഗ് സംഘത്തെയും മോട്ടോർ വാഹന വകുപ്പിനെയും റോഡ് സുരക്ഷാ അതോറിട്ടിയുടെ കീഴിൽ കൊണ്ടുവരാൻ സർക്കാർ ശ്രമം. ഇതിനായി കേരള റോഡ് സേഫ്റ്റി നിയമം 2007 ഭേദഗതി ചെയ്യുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. വിശദമായ ചർച്ചകൾക്ക് ശേഷം ഭേദഗതിക്ക് അന്തിമരൂപം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

കൂടുതൽ അധികാരങ്ങൾ

അപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ രൂപം നൽകിയ കേരള റോഡ് സേഫ്റ്റി അതോറിട്ടിക്ക് കൂടുതൽ അധികാരങ്ങളും പ്രവർത്തന സ്വാതന്ത്ര്യവും നൽകുന്നതിനായാണ് നിയമഭേഗതിക്ക് സർക്കാർ ആലോചിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ വിരമിച്ച ‌റോഡ് സേഫ്‌റ്റി അതോറിട്ടി മുൻ കമ്മിഷണർ എൻ. ശങ്കർ റെഡ്ഡിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ഹൈവേ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും റോഡ് സേഫ്റ്റി അതോറിട്ടിക്ക് കീഴിലാക്കണമെന്ന ശുപാർശ മുന്നോട്ടുവച്ചത്. മോട്ടോർ വാഹന വകുപ്പിന് മാത്രമായി മുന്നൂറോ അതിലധികം ജീവനക്കാരെ നിയമിക്കണമെന്നു ശുപാർശയിൽ പറയുന്നു. 85 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾ, 14 കൺട്രോൾ റൂമുകൾ, 14 മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, 14 ആർ.ടി.ഒമാർ എന്നിവരെ റോഡ് സേഫ്‌റ്റി കമ്മിഷണർക്ക് കീഴിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പിഴ അതോറിട്ടി ചുമത്തട്ടെ

സംസ്ഥാനപാതകളിൽ സ്ഥാപിച്ചിരിക്കുന്ന പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കാമറകളിൽ പതിയുന്ന ഗതാഗത ലംഘനങ്ങൾക്ക് നിലവിൽ അവർ തന്നെയാണ് പിഴ ചുമത്തുന്നത്. എന്നാൽ, റോഡ് സേഫ്റ്റി അതോറിട്ടിയുടെ കീഴിൽ ഇവയെ കൊണ്ടുവന്ന് അതോറിട്ടി തന്നെ ഗതാഗത ലംഘനങ്ങൾക്ക് പിഴ ചുമത്തട്ടെയെന്നും കരട് ശുപാർശയിൽ പറയുന്നു. ഗതാഗത ലംഘനങ്ങൾ അടക്കമുള്ളവ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന വാദമാണ് ഇതിനായി അതോറിട്ടി ഉയർത്തുന്നത്. നിലവിൽ സംസ്ഥാനത്താകെ മോട്ടോർ വാഹന വകുപ്പിന്റെ 230 കാമറകളും പൊലീസിന്റെ 100 കാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.

സാമ്പത്തിക ഭാരം കുറയും
ഹൈവേ പൊലീസിനെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെയും റോഡ് സേഫ്റ്റി അതോറിട്ടിക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ അനാവശ്യ സാമ്പത്തിക ഭാരം കുറയ്ക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. റെഡ്ഡിയുടെ ശുപാർ‌ശകളെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധരടങ്ങിയ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗതാഗത മന്ത്രിയാണ് റോഡ് സേഫ്റ്റി അതോറിട്ടിയുടെ ചെയർമാൻ. പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനും നിയമം,​ ഗതാഗതം,​ ആഭ്യന്തരം,​ ധനകാര്യം,​ പൊതുമരാമത്ത് ആരോഗ്യ,​ കുടുംബക്ഷേമം,​ പൊതുവിദ്യാഭ്യാസം,​ തദ്ദേശസ്വയം ഭരണ സെക്രട്ടറിമാർ,​ ഡി.ജി.പി,​ ആരോഗ്യ വകുപ്പ് ഡയറക്ടർ,​ ട്രാഫിക് ഐ.ജി,​ റോഡ് ചീഫ് എൻജിനിയർ,​ ദേശീയപാത ചീഫ് എൻജിനിയർ,​ നാറ്റ്പാക് ഡയറക്ടർ,​ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി സെക്രട്ടറി എന്നിവർ സമിതിയിലെ മറ്റംഗങ്ങളാണ്. റോഡ് സേഫ്റ്രി കമ്മിഷണർ ആണ് അതോറിട്ടിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ.