
കാറിൽ അനുയായികളെ അഭിവാദ്യം ചെയ്തു
വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിൽ നിന്നിറങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനുയായികളെ അഭിവാദ്യം ചെയ്യാനായി കാറിലാണ് ട്രംപ് എത്തിയത്. മാസ്ക് ധരിച്ച് ബുള്ളറ്റ്പ്രൂഫ് വാഹനത്തിൽ നിന്ന് അനുയായികളെ കൈ വീശി കാണിച്ച ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
ട്രംപിന്റെ ആരോഗ്യ നിലയിൽ ആശങ്കകളുണ്ടെന്നും അദ്ദേഹത്തിന് ഓക്സിജൻ സഹായം ലഭ്യമാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സയ്ക്കിടെ ട്രംപ് വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയെന്ന വാർത്തകളും വരുന്നത്.
വിമർശന പെരുമഴ പിന്നാലെ
രോഗത്തെ നിസാരവത്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണെന്നാണ് വിമർശകർ പറയുന്നത്.
ട്രംപിന്റെ യാത്രയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ് ഉണ്ടായതെന്ന് ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡിസാസ്റ്റർ മെഡിസിൻ വിഭാഗം തലവൻ ജെയിംസ് ഫിലിപ്സ് പറയുന്നു. 'ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ ആളുകളും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്. ഇവരിൽ ആർക്ക് വേണമെങ്കിലും രോഗം വരാം. ചിലപ്പോൾ ആരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചേക്കാം. വെറുമൊരു രാഷ്ട്രീയ നാടകത്തിന് വേണ്ടിയാണ് ട്രംപ് അവരുടെ ജീവൻ അപകടത്തിലാക്കിയത്' അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്ന നടപടിയാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ദ്ധർ വിമർശിക്കുന്നത്. കൊവിഡ് രോഗികൾ വൈറസ് ബാധയിലായിരിക്കുമ്പോഴും ചികിത്സയിലായിരിക്കുമ്പോഴും ഐസോലേഷനിൽ കഴിയണമെന്ന പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ന്യായീകരിച്ച് വൈറ്റ് ഹൗസ്
കാർ യാത്ര വിവാദമായതോടെ പ്രതികരണവുമായി വൈറ്റ് ഹൗസും രംഗത്തെത്തി. ട്രംപിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരും സമീപത്തുണ്ടായിരുന്നവരും പി.പി.ഇ കിറ്റടക്കമുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജുഡ് ഡീർ പറഞ്ഞു. ആരോഗ്യ സംഘം യാത്ര സുരക്ഷിതമാണെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.