
കോട്ടയം: ദിവസവും പതിനഞ്ച് മിനിട്ട് വീതം രണ്ട് നേരം വളളം തുഴഞ്ഞ് പോകണമായിരുന്നു കടുത്തുരുത്തി പൂഴിക്കോൽ കൊച്ചിടപ്പറമ്പിൽ 39കാരനായ അനീഷിന് തന്റെ കൃഷി സ്ഥലത്ത് എത്താൻ. ആ സമയത്താണ് കൊവിഡ് ലോക്ക്ഡൗൺ വന്നത്. അക്കാലം അനീഷിന് വളരെ 
പ്രയോജനപ്പെട്ടു.എൻജിനീയറിംഗ് ബിരുദധാരിയായ അനീഷ് അങ്ങനെ ആലോചിച്ച് കണ്ടെത്തിയതാണ് ഈ വാട്ടർ ബൈക്ക്.  വള്ളം തുഴയാതെ അനീഷിന് പുത്തൻകായൽ കടന്ന് തന്റെ കൃഷിസ്ഥലത്തും ഫാം ഹൗസിലും വെറും നാല് മിനുട്ട് കൊണ്ട് എത്താൻ വാട്ടർ ബൈക്ക് സഹായകമായി. പൂർണമായും ആക്രിസാധനങ്ങൾ ഉപയോഗപ്പെടുത്തി രണ്ടാഴ്ച കൊണ്ടാണ് വാട്ടർബൈക്ക് നിർമ്മിച്ചത്. ഇതിന് ആകെ ചിലവായതോ വെറും 3500 രൂപ മാത്രം.
വെച്ചൂർ പുത്തൻകായലിൽ അനീഷ് 22 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിട്ടുണ്ട്. കൂടാതെ അവിടെ മീൻ വളർത്തലുമുണ്ട്. പശുക്കളെയും പോത്തുകളെയും വളർത്തുന്നുണ്ട്. എന്നാൽ തന്റെ സ്ഥലത്തെത്താൻ ദിവസവും രണ്ടു നേരം 15 മിനിറ്റ് വീതം വള്ളം തുഴയണം. ഈ അവസ്ഥയ്ക്കാണ് ഇപ്പോൾ മാറ്റമുണ്ടായത്. നാലു മിനിറ്റുകൾകൊണ്ട് ഇപ്പോൾ കൃഷിസ്ഥലത്ത് എത്താം. പാട്ടത്തിന് കൃഷിയിറക്കാൻ തീരുമാനിച്ചതോടെ വാട്ടർബൈക്കിനെക്കുറിച്ച് അനീഷ് ചിന്തിച്ചിരുന്നു. 35,000 രൂപ വിലവരുമെന്ന് അറിഞ്ഞതോടെ അനീഷ് അതിൽനിന്നും പിന്തിരിയുകയായിരുന്നു. തുടർന്നാണ് സ്വന്തമായി വാട്ടർബൈക്ക് നിർമ്മിച്ചാലോ എന്ന ചിന്ത മനസിൽ ഉദിച്ചത്. ആ സമയത്താണ് നാടാകെ
കൊവിഡ് പടർന്ന് ലോക്ക് ഡൗൺ ആയത്.
ആദ്യം 200 രൂപ വിലവരുന്ന 12 ഓയിൽ ക്യാൻ വാങ്ങി. വീട്ടിൽ ഉപയോഗശൂന്യമായി ഇരുന്ന ഹീറോ ഹോണ്ട ബൈക്ക് സ്റ്റാർട്ട് ചെയ്തു നോക്കി. പ്രവർത്തിക്കുമെന്ന് ഉറപ്പായതോടെ അതുമായി സുഹൃത്തായ ആപ്പാഞ്ചിറ കൃഷ്ണകുമാറിന്റെ വർക്ക്ഷോപ്പിൽ എത്തി. പൈപ്പ് ഉപയോഗിച്ച് ഫ്ളാറ്റ്ഫോം നിർമ്മിച്ചു. ബൈക്കിന്റെ പിൻചക്രം ഊരി മാറ്റി, വെള്ളത്തിൽ തുഴയാൻ പറ്റുന്ന ജലചക്രം പിടിപ്പിച്ചു. മുൻ ചക്രവും ഊരിമാറ്റി. അത് പ്ളാറ്റ്ഫോമിൽ വെൽഡ് ചെയ്ത് പിടിപ്പിച്ചു. ദിശ നിയന്ത്രിക്കുന്നത് ബൈക്കിന്റെ ഹാൻഡിൽ ഉപയോഗിച്ചുതന്നെ. പക്ഷേ, ചില പ്രത്യേകതകൾ ഹാൻഡിലിൽ വച്ചുപിടിപ്പിക്കേണ്ടതായി വന്നു. തുടർന്ന് സമീപത്തെ തോട്ടിൽ പരീക്ഷണ ഓട്ടം.
ഒരു ലിറ്റർ പെട്രോളിൽ 10 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്ന് അനീഷ് പറയുന്നു. ഒരടി വെള്ളമുണ്ടെങ്കിലും അതിലൂടെ വാട്ടർബൈക്കിന് സഞ്ചരിക്കാനാവുമെന്ന പ്രത്യേകതയും ഉണ്ട്. രണ്ടു പേർക്ക് ഈ ബൈക്കിൽ യാത്രചെയ്യാം. കൂടാതെ മീൻതീറ്റയും മറ്റും വാട്ടർബൈക്കിൽ കൊണ്ടുപോവുകയും ചെയ്യാം.