basma

കെയ്റോ: ഈജിപ്തിലെ ലക്സർ നഗരത്തിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. അൽ മനാസ എന്ന ന്യൂസ് വെബ്സൈറ്റിലെ റിപ്പോർട്ടറായ ബസ്മ മൊസ്തഫയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ബസ്മയെ പിന്നീട് കാണാതായി. ഫോൺ വിളിച്ചിട്ടും കിട്ടിയില്ല. എന്നാൽ, ഞായറാഴ്ച ഇവരെ കെയിറോയിലെ സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷനു മുന്നിൽ ഹാജരാക്കിയതായി അവരുടെ ഭർത്താവായ അഭിഭാഷകൻ അബ്ദേൽ റാദി അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇസ്ളം അൽ ഒസ്ട്രാലി എന്ന ചെറുപ്പക്കാരൻ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട സംഭവം ബസ്മ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഈജിപ്തിലെ പല പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളും പുറം ലോകത്തെത്തിയത് ബസ്മയുടെ റിപ്പോർട്ടിംഗിലൂടെയാണ്. ഇതോടെ സർക്കാരിന്റെയും കണ്ണിലെ കരടായി ഇവർ മാറിയിരുന്നു. തുടർന്നാണ് ലക്സറിലെ സംഘർഷ പ്രദേശത്തുവച്ച് ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കമുണ്ടായതും ബസ്മ രക്ഷപ്പെട്ടതും.

വൻ സൈനിക വിന്യാസമുള്ള ലക്സറിൽ സെപ്തംബർ 30ന് അവൈസ് അൽറവി എന്നയാളെ പൊലീസ് കൊലപ്പെടുത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. വീട്ടിൽ നടന്ന റെയിഡിനിടെ പിതാവിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് പൊലീസുകാരുമായി അവൈസ് നടത്തിയ വാഗ്വാദമാണ് കൊലപാതകത്തിൽ കലാശിച്ചത്.