
ജീവിതത്തിൽ പച്ചപ്പ്  വന്ന കാഴ്ചകളെക്കുറിച്ച്  പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. ശോഭീന്ദ്രൻ
ഞാൻ ഒരു ജോലിക്കാരനാകണം എന്നായിരുന്നു രക്ഷിതാക്കളുടെ മോഹം. 1974 ൽ ബാംഗ്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. ജോലിയ്ക്കൊപ്പം അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു. പിന്നീട് ചിത്രദുർഗയിലെ ഒരു ഗ്രാമപ്രദേശത്തുള്ള കോളേജിലേക്ക് സ്ഥലംമാറ്റമായി. താമസം മൊളക്കാൽമുരു എന്ന തനി കുഗ്രാമത്തിൽ. കർണാടകയിൽ നിന്നും പുറത്തുള്ള ഒരാൾ ഞാൻ മാത്രമായിരുന്നു. കുട്ടികൾക്ക് അതെന്തോ വലിയ കൗതുകമായിരുന്നു.  ഒരു ഒഴിവ് ദിവസം ഏതോ ചിന്തയിലാണ്ടിരിക്കവേ രണ്ടുമൂന്ന് കുട്ടികൾ വീട്ടിൽ വന്നു. ഞാൻ പഠിപ്പിക്കുന്നവർ തന്നെ. നമുക്ക് ആ കുന്നിൻ മുകളിൽ പോകാം സാറേ, അവിടെ നല്ല കാഴ്ചയാണ്. അവർ പറഞ്ഞു. സാറിനെയും കൊണ്ട് യാത്ര പോകാനുള്ള വല്ലാത്ത ഒരു ആവേശം അവരുടെ മുഖത്തുണ്ടായിരുന്നു. മുകളിലെത്താൻ കുറേസമയം എടുത്തിരുന്നു. ആ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ മുഴുവൻ കാണാമായിരുന്നു. ചില പ്രത്യേക പഴവർഗങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു കുന്നുകൾ. പിന്നീട് ജീവിതത്തിൽ ഒഴിവുദിനങ്ങൾ ഉണ്ടായിട്ടില്ല. ചിറയിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കുളി, കാവ് , അമ്പലങ്ങൾ സന്ദർശനം. ചിലപ്പോൾ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം തരും. മറ്റു ചിലപ്പോൾ ഭക്ഷണം വീട്ടിലേക്കു കൊണ്ടുവരും. കുന്നിൻ മുകളിലെ രാത്രികാല ഉത്സവമൊക്കെ വല്ലാത്ത അനുഭവങ്ങളായിരുന്നു. നാട്ടിൻ പുറത്തിന്റെ നൈർമല്യവും കുട്ടികളുടെ സ്നേഹവും അവർ തന്ന നാട്ടുപഴങ്ങളോടൊപ്പം രുചിച്ചറിഞ്ഞു. പതുക്കെപ്പതുക്കെ ഞാൻ അവിടുത്തെ ഒരാളാവുകയായിരുന്നു.