
 കേസിൽ വാദം 13ലേക്ക് മാറ്റി സുപ്രീംകോടതി
ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുന്ന വിഷയത്തിൽ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും വിശദമായ സത്യവാങ്‌മൂലം 12നകം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
മോറട്ടോറിയം കാലത്തെ രണ്ടു കോടി വരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന സത്യവാങ്‌മൂലം കേന്ദ്രം സമർപ്പിച്ചിരുന്നു. ഇതിൽ റിയൽ എസ്‌റ്റേറ്റ് മേഖലയെക്കുറിച്ച് പരാമർശമില്ലെന്ന് ക്രെഡായ്ക്കു വേണ്ടി ഹാജരായ കപിൽ സിബൽ, ആര്യാമ സുന്ദരം എന്നിവർ ചൂണ്ടിക്കാട്ടി. സത്യവാങ്‌മൂലം അപൂർണമെന്ന് പറഞ്ഞ ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച്, കൊവിഡിൽ പ്രതിസന്ധിയിലായ 26 മേഖലകളിലെ വൻകിട വായ്‌പകളുടെ പുനഃക്രമീകരണത്തെക്കുറിച്ച് പഠിച്ച കെ.വി. കാമത്ത് കമ്മിറ്റിയുടെ റിപ്പോർട്ട് ഹാജരാക്കാത്തതിന് റിസർവ് ബാങ്കിനെ രൂക്ഷമായി വിമർശിച്ചു.
വിഷയം പഠിക്കാൻ മഹേശ്വരി കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു. ഈ കമ്മിറ്റികളുടെ റിപ്പോർട്ടും പിഴപ്പലിശ വിഷയത്തിൽ കേന്ദ്രമെടുത്ത നടപടികളും ചേർത്ത് വിശദമായ റിപ്പോർട്ട് 12നകം സമർപ്പിക്കണം.വാദം 13ന് കേൾക്കാമെന്നും കോടതി പറഞ്ഞു. റിയൽ എസ്റ്റേറ്റ്, ഊർജ മേഖലകളിലെ സംഘടനകൾ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിലും കേന്ദ്രം മറുപടി പറയണം.
കേന്ദ്രം സമർപ്പിച്ചത്
മാർച്ച്-ആഗസ്‌റ്റ് കാലയളവിലെ വായ്‌പാ തിരിച്ചടവുകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം നേടിയ രണ്ടു കോടി രൂപ വരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന നിർദേശമാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചത്.
കൊവിഡിന് മുമ്പ് തിരിച്ചടവ് മുടങ്ങാത്ത എം.എസ്.എം.ഇ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്പ, വാഹന വായ്‌പ, ഉപഭോക്തൃ വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ എന്നിവയ്ക്കാണിത് ബാധകം. ഇതുവഴി ബാങ്കുകൾക്കുണ്ടാകുന്ന 7,000 കോടി രൂപയുടെ ബാദ്ധ്യത കേന്ദ്രം വഹിക്കും.