jacinda-ardern

ഓക്ക്‌ലാൻഡ് : ഒരിക്കൽ കൊവിഡ് 19 മഹാമാരിയെ വിജയകരമായി പിടിച്ചുകെട്ടിയ രാജ്യമാണ് ന്യൂസിലാൻഡ്. അടുത്തിടെ കൊവിഡ് വീണ്ടും ന്യൂസിലാൻഡിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. അതോടെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലാൻഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. ഒടുവിൽ ഇതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡിനെ തുരത്തിയിരിക്കുകയാണ് ന്യൂസിലാൻഡ്.

പ്രധാനമന്ത്രി ജസീന്ത ആർഡേൻ ആണ് ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ രണ്ടാം വരവിനെ നിയന്ത്രിച്ചതിന് പിന്നാലെ ഓക്ക്‌ലാൻഡിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ ഒരുങ്ങുകയാണ്. മേയ് അവസാനമാണ് ന്യൂസിലാൻഡ് കൊവിഡ് മുക്തമായത്. നീണ്ട 102 ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് ഓക്ക്‌ലാൻഡിൽ സമ്പർക്കം മൂലമുള്ള പുതിയ ക്ലസ്റ്റർ രൂപപ്പെട്ടത്. തുടർന്ന് വീണ്ടും

1.5 മില്യൺ ജനങ്ങൾ കർശന ലോക്ക്ഡൗണിലായി. കഴിഞ്ഞ 12 ദിവസമായി ഓക്ക്‌ലാൻഡിൽ പുതിയ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിയന്ത്രണങ്ങളോട് പൂർണമായും സഹകരിച്ച ജനങ്ങൾക്കാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഇതിന്റെ ക്രെഡിറ്റ് നൽകുന്നത്. മാത്രമല്ല ബുധനാഴ്ച മുതൽ ഓക്ക്‌ലാൻഡിൽ നിയന്ത്രണങ്ങൾ നീക്കി ലെവൽ വൺ നിലവിൽ വരുകയും ചെയ്യും. ന്യൂസിലാൻഡിൽ നാല് ലെവലുകളിലായാണ് കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും താഴത്തേതും സാധാരണ ജനജീവിതത്തിന് അനുമതിയുള്ളതുമാണ് ലെവൽ വൺ. ഓക്ക്‌ലാൻഡ് ഒഴികെയുള്ള ന്യൂസിലാൻഡിന്റെ ഭാഗങ്ങളിൽ നിലവിൽ ലെവൽ വൺ ആണ്.