keto-diet

ചുരുങ്ങിയ കാലം കൊണ്ട് ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍ പ്രശസ്തി നേടിയ ഒന്നാണ് കീറ്റോജനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. നിരവധി പേരാണ് കീറ്റോ ഡയറ്റിലൂടെ മാസങ്ങള്‍കൊണ്ട് ശരീരഭാരം കുറച്ച് പുത്തന്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ കീറ്റോ ഡയറ്റ് പിന്‍തുടര്‍ന്ന നടി മിസ്തി മുഖര്‍ജി കഴിഞ്ഞ ദിവസം വൃക്ക തകരാര്‍ മൂലം മരിച്ചതോടെ ഡയറ്റിനെ കുറിച്ച് ആളുകളുടെ ആശങ്ക വ‌ർദ്ധിപ്പിക്കുന്നു.

മിസ്തി മുഖര്‍ജി കീറ്റോ ഡയറ്റ് പിന്‍തുടര്‍ന്നു വരികയായിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് ആരോഗ്യം മോശമായതെന്നുമാണ് നടിയുടെ കുടുംബത്തിന്റെ പ്രസ്താവന. ഇതോടെ കീറ്റോ ഡയറ്റ് ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്.

എന്താണ് കീറ്റോ ഡയറ്റ്?

ശരീരത്തിനു ആവശ്യമായ ഊര്‍ജം സാധാരണമായി ലഭിക്കുന്നത് നമ്മള്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സിൽ നിന്നുമാണ്. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തുകയാണ് കീറ്റോ ഡയറ്റില്‍. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് അളവിൽ കുറവ് വരുന്നതോടെ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കേണ്ടി വരും.

ശരീരം കൊഴുപ്പിനെ പിന്നീട് കീറ്റോണുകളാക്കി മാറ്റുന്നു.ഈ കീറ്റോണുകളെ ശരീരം ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നതോടെ ശരീരഭാരം കുറയും.രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ പ്രമേഹരോഗികളും ഈ ഡയറ്റ് വ്യാപകമായി പിന്തുടര്‍ന്നു വരുന്നുണ്ട്.

കീറ്റോ ഡയറ്റും വൃക്ക തകരാറും

ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വലിയ അളവില്‍ കുറയുന്നതും വൃക്കകള്‍ക്ക് അമിത അധ്വാനം വരുന്നതും ക്രമേണ ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിക്കാം. കീറ്റോ പോലുള്ള ഡയറ്റുകള്‍ പിന്‍തുടരുന്നവര്‍ ആറുമാസം ഡയറ്റ് പിന്‍തുടര്‍ന്ന് പിന്നീട് ഒന്നോ രണ്ടോ മാസങ്ങള്‍ അവധിയെടുത്ത് വീണ്ടും ആരംഭിക്കുന്നതാവും ആരോഗ്യകരം.

പ്രോട്ടീന്റെ അളവ് കൂടുന്നതും വൃക്കകളില്‍ സമ്മര്‍ദ്ദം ചെലുത്തും. കീറ്റോയിലൂടെ ഉയര്‍ന്ന അളവ് പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നതും വൃക്കയ്ക്ക് താങ്ങാനാവില്ല. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഏതൊരു ഡയറ്റും ദീര്‍ഘകാലത്തേക്ക് പിന്‍തുടരുകയാണെങ്കില്‍ അവ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഫാറ്റ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന ആളുകളില്‍ ഹൃദ്രോഹം സ്ട്രോക്ക് ക്യാന്‍സര്‍ എന്നിവ കൂടാനുളള സാധ്യത ഏറെയാണ് എന്ന് മുന്‍പു തന്നെ തെളിയിക്കപ്പെട്ടിട്ടുളളതാണ്. ഈ ഡയറ്റ് കൂടുതല്‍ നീട്ടിക്കൊണ്ടു പോയാന്‍ എന്ത് സംഭവിക്കുമെന്നു പറയേണ്ടതില്ലല്ലോ?

മറ്റൊരു വ്യത്യാസം കാണുന്നത് ചര്‍മ്മത്തിലാണ്. അതായത് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ഒന്നും തന്നെ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ കാണപ്പെടുന്നു. അങ്ങനെ അവര്‍ മെലിഞ്ഞിരുന്നാല്‍ കൂടിയും കൂടുതല്‍ പ്രായം തോന്നിക്കുന്നു. ഹൃദ്രോഹത്തിന്റെയും നിരക്ക് വളരെ കൂടുതലാണ് കീറ്റോ ഡയറ്റ് എടുക്കുന്നവരില്‍. അതായത് കീറ്റോ ഡയറ്റില്‍ അധികമായി അനിമല്‍ പ്രോട്ടീനാണ് കഴിക്കുന്നത്. അനിമല്‍ പ്രോട്ടീനില്‍ ഇരുമ്പ് സത്ത് വളരെ കൂടുതലാണ്. ശരീരത്തില്‍ ഇരുമ്പ് സത്ത് കൂടുന്നത് കോശങ്ങള്‍ക്ക് മുറിവ് ഉണ്ടാകുന്നു.

ഇങ്ങനെ കോശങ്ങള്‍ക്ക് മുറിവു സംഭവിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്കിനും ക്യാന്‍സറിനും കാരണമാകുന്നു.

അതു പോലെ ഹോര്‍മോണുകളില്‍ വ്യത്യാസങ്ങളും കീറ്റോ ഡയറ്റില്‍ കാണുന്നുണ്ട്. കീറ്റോ ഡയറ്റ് പിന്‍തുടരുന്നതിനു പകരം കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം ഉള്‍പ്പെടുത്തിയും ഹൃദയത്തിനും ശരീരത്തിനും ഗുണകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശീലമാക്കുന്നതുമാണ് ആരോഗ്യകരം. പഴങ്ങള്‍, പല നിറങ്ങളിലുള്ള പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് നീക്കിയ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ പതിവാക്കുക. ഒപ്പം വ്യായാമവും ദിനചര്യയുടെ ഭാഗമാക്കുക, ശരീരം വിയര്‍ക്കുമ്പോള്‍ അത് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളും.