
ബെർലിൻ: ഹാംബർഗിൽ നടക്കുന്ന സ്റ്റാർട്ട് അപ്പ് കോൺഫറൻസിൽ ബി.ജെ.പി എം.പിയെ പ്രസംഗിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യൂറോപ്പിലെ ഇന്ത്യൻ സംഘടനകൾ കോൺസുൽ ജനറലിന് കത്ത് നൽകി. ഇന്ത്യ സോളിഡാരിറ്റി ജർമ്മനി, ഹ്യുമാനിസം പ്രോജക്ട് സോളിഡാരിറ്റി ബെൽജിയം തുടങ്ങി എട്ടോളം ഗ്രൂപ്പുകളാണ് കോൺസുൽ ജനറലിന് കത്ത് നൽകിയത്.
ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കെതിരെയാണ് സംഘടനകൾ കത്ത് നൽകിയത്. തേജസ്വി പരിപാടിയിൽ പങ്കെടുത്താൽ വിഭജനമല്ലാതെ മറ്റു നേട്ടങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതിഷേധക്കാർ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഹിന്ദുക്കളല്ലാത്ത വിഭാഗത്തോട് വിഭജനമനോഭാവം വച്ചു പുലർത്തുന്ന നേതാവാണ് തേജസ്വി സൂര്യ. യൂറോപ്യൻ ജനങ്ങൾക്കിടയിലെ തുല്യത ഇല്ലാതാക്കാൻ തേജസ്വിയുടെ പ്രസംഗം കാരണമാകും. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പഞ്ചർവാലകളെന്ന് അധിക്ഷേപിച്ചുവെന്നും കത്തിൽ പറയുന്നു.