
''ഒഴുകുന്ന കണ്ണീർ തുടച്ച് കൊണ്ടന്ന് നാം വഴിപിരിഞ്ഞെങ്കിലുമോമലാളെ."" മലയാളികൾ ഇന്നും ഹൃദയത്തോടു ചേർത്ത് സൂക്ഷിക്കുന്ന പാട്ടിന്റെ പുറകിലുണ്ട് അധികമാരുമറിയാത്ത കണ്ണീരിന്റെയും തിരസ്കാരത്തിന്റെയും പറയാതെ പോയ യാഥാർത്ഥ്യങ്ങളുടെയും സ്പന്ദനങ്ങൾ.""
നിനച്ചിരിക്കാതെ പെയ്യുന്ന മഴയിൽ അനന്തപുരിയിലൂടെ കാറോടിക്കൊണ്ടിരുന്നു. പഴയ പാട്ടുകൾ മാത്രം ഒഴുകുന്ന സ്റ്റീരിയോയിൽ അടുത്തഗാനം വന്നു. 'ഒഴുകുന്ന കണ്ണീർ തുടച്ച് കൊണ്ടന്ന് നാം വഴിപിരിഞ്ഞെങ്കിലുമോമലാളെ."
മുൻസീറ്റിൽ എന്നോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വി. ശശീന്ദ്രൻ പൊടുന്നനെ ഒന്നു നിവർന്നിരുന്നു നെടുവീർപ്പിട്ടു പറഞ്ഞു.
'എന്റെ സിനിമയിലെ ഗാനമാണിത്".
'ബ്രഹ്മാസ്ത്രം എന്ന സിനിമയിലെ ഗാനമല്ലേ ഇത്?".
ഞാൻ ചോദിച്ചു.
'അതേ, അതെന്റെ സിനിമയായിരുന്നു. പിന്നീട് പേര് മാറ്റി കളമൊരുക്കം എന്നാക്കി. പക്ഷേ പാട്ട് സിനിമയിലില്ല." ശശീന്ദ്രൻ പറഞ്ഞു.
ഇങ്ങനെയൊരു സിനിമ ശശിയേട്ടൻ സംവിധാനം ചെയ്തിട്ടുണ്ടെന്നത് എന്നെ സംബന്ധിച്ചിടത്തോളം ആദ്യ അറിവായിരുന്നു. ദൂരദർശൻ കേന്ദ്രത്തിലെ പ്രൊഡ്യൂസറുടെ താല്ക്കാലിക ചുമതലയുണ്ട് എന്ന് മാത്രമേ ശശിയേട്ടനെ സംബന്ധിച്ച് അറിയാമായിരുന്നുള്ളു. മലയാളത്തിലെ ഒരു ത്രില്ലർ ചിത്രത്തിന്റെ സംവിധാനയകനാണ് അടുത്തിരിക്കുന്നത് എന്ന അഭിമാനം തോന്നി. സിനിമയിലെ ഭാഗ്യാന്വേഷികളിൽ ഒരാളായി ഒടുവിൽ ഒറ്റപ്പെട്ട ഒരു മനുഷ്യനാണ് അദ്ദേഹമെന്ന് തോന്നി.
'അതിരിക്കട്ടെ പാട്ടിന്റെ കഥയെന്താ?" ഞാൻ ചോദിച്ചു. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ഗാനത്തിന്റെ പിറവിയുടെ കഥ ശശിയേട്ടൻ പറഞ്ഞ് തുടങ്ങി.
1989 ലായിരുന്നു അത്. തിരുവനന്തപുരത്ത് സിനിമാമോഹം മുളച്ച മൂന്ന് യുവാക്കൾ ഒത്തുകൂടി. ശശീന്ദ്രൻ, നിർമ്മൽ റോയി, ജയൻ എന്നിവരായിരുന്നു ആ ത്രിമൂർത്തികൾ. 30 വയസിന്റെ  തിമിർപ്പിൽ നടന്നിരുന്ന കാലം. സിനിമാക്കഥ രൂപപ്പെട്ടത് ശശിയുടെ മനസിൽ. ജയനും നിർമ്മലും പ്രൊഡ്യൂസർമാർ. തമ്പാനൂരിലെ ഓവർബ്രിഡ്ജിന് സമീപത്തുള്ള ലോഡ്ജിൽ തിരക്കഥയെഴുതിക്കൊണ്ടിരുന്നപ്പോൾ നടീനടന്മാരെ ബുക്ക് ചെയ്യാമെന്നായി. നീളമുള്ള നടന്മാരെ വച്ചൊരു സിനിമ. അതായിരുന്നു കഥയിൽ. ജയൻ ചെന്നൈയിൽ ചെന്ന് ക്യാപ്റ്റൻ രാജുവിനെ കണ്ടു. കഥയുമായി ടിനഗറിലെത്താൻ ക്യാപ്റ്റൻ പറഞ്ഞു. ശശീന്ദ്രൻ ഉടനെ തന്നെ ചെന്നൈയിലേക്ക് വണ്ടി കയറി. കഥ കേട്ട ക്യാപ്റ്റൻ തിരക്കഥാകൃത്തായി പാപ്പനംകോട് ലക്ഷ്മണനെ നിയോഗിക്കുകയായിരുന്നു. പാപ്പനംകോടിനെ കണ്ട മൂവർസംഘം അദ്ദേഹം പറഞ്ഞ മറ്റൊരു കഥ സിനിമയാക്കാൻ തീരുമാനിക്കുന്നു. ക്യാപ്റ്റൻ രാജു, കരമന, സണ്ണി, മാള, അശോകൻ, ജലജ, ഉണ്ണിമേരി എന്നിങ്ങനെ അക്കാലത്തെ പുകഴ്പെറ്റ നടീ നടന്മാരെ ബുക്ക് ചെയ്തു. എസ്റ്റേറ്റിൽ നടക്കുന്ന ഒരു കൊലപാതകത്തെ തൊട്ട് ചുരുളഴിയുന്നതായിരുന്നു കഥാതന്തു. പാപ്പനം കോട് ആദ്യത്തെ 25 സീനുകളെഴുതി നൽകിയപ്പോൾ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഷൂട്ടിംഗ് ആരംഭിച്ചു. പാലോടും നെടുമങ്ങാട്ടെ പരിസരപ്രദേശങ്ങളിലുമായിരുന്നു ലൊക്കേഷൻ. കഥയിൽ ബാബുവായി അഭിനയിക്കുന്ന അശോകനും അശ്വതിയായി അഭിനയിക്കുന്ന പുതുമുഖ നായിക വനിതയ്ക്കും വേണ്ടി പ്രണയഭംഗം വിഷയമാക്കി ഒരുഗാനം വേണമെന്ന് ശശീന്ദ്രൻ തീരുമാനിച്ചു. സിനിമയിലെ ഗാനങ്ങൾക്കായി കവടിയാറിൽ താമസിക്കുന്ന ഭാസ്കരൻമാഷിനെ ചെന്നു കണ്ടത് ശശി തന്നെയായിരുന്നു. ഒപ്പം അച്ചാണി രവി മുതലാളിയുടെ അളിയൻ ടി. ശങ്കറും ഉണ്ടായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് വരാൻ മാഷ് പറഞ്ഞു. മാഷ് വാക്ക് പാലിച്ചു. മൂന്നാം ദിവസം പാട്ടെഴുതി നൽകി. മാഷിന്റെ നിർദ്ദേശപ്രകാരം തന്നെ ദേവരാജൻ മാഷിനെ സംഗീത ചുമതലയേൽപ്പിക്കാൻ ശശി തീരുമാനിച്ചു. രാജശ്രീ ഭക്തിഗാന കാസറ്റുകളുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട് മാസ്റ്റർ അന്ന് കരമനയിൽ താസിക്കുകയായിരുന്നു. ശശി വീട്ടിലെത്തി കഥാസന്ദർഭം പറഞ്ഞു. പാട്ട് റെഡിയാക്കി അറിയിക്കാമെന്ന് പറഞ്ഞതും വാതിലടച്ചതും ഒരുമിച്ചതായിരുന്നുവെന്നും ശശി ഓർക്കുന്നു. ഒരാഴ്ച കഴിഞ്ഞ് മാഷ് വിളിച്ചു.

'പാട്ട് റെഡിയായിട്ടുണ്ട് വന്നോളൂ."സ്വന്തം സിനിമയിലെ പാട്ട് കേൾക്കുവാനുള്ള ആവേശത്താൽ ശശി കരമനയിലെത്തി. 'പാട്ടൊന്നും ഞാൻ ആരെയും കേൾപ്പിക്കുന്ന പതിവില്ല. സ്റ്റുഡിയോ ഒക്കെ, ബുക്ക് ചെയ്തോളൂ. ട്രാക്ക് പാടാൻ ഞാനൊരു പയ്യനെ തരാം". മാഷ് പറഞ്ഞു. അക്കാലത്ത് സർവ്വകലാശാല യുവജനോത്സവത്തിൽ സമ്മാനർഹനായി പ്രശസ്തി നേടിയ രജു ജോസഫിനെയായിരുന്നു മാഷ് ട്രാക്ക് പാടാൻ ഏൽപ്പിച്ചത്. നിർമ്മാതാവായ ജയൻ അപ്പോൾ യേശുദാസിനെ ബുക്ക് ചെയ്യാനുള്ള തത്രപ്പാടിലായിരുന്നു. 1989 ഡിസംബർ മാസം 13-ാം തീയതി ശശീന്ദ്രൻ യേശുദാസിന്റെ വെള്ളയമ്പലത്തെ തരംഗിണി സ്റ്റുഡിയോയിലെത്തി. രജു ജോസഫിനെ മാഷ് നന്നായി പാട്ട് പഠിപ്പിച്ചിരിക്കുന്നു. വോയിസ് ബൂത്തിൽ നിന്നും 'ഒഴുകുന്ന കണ്ണീർ തുടച്ചു കൊണ്ട് നാം വഴിപിരിഞ്ഞെങ്കിലുമോമലാളേ പുഴയൊഴുകും വഴി മാറിടും പുത്തനാം പുളിനത്തിൽ നിന്നെ ഞാൻ തേടിയെത്തി"എന്ന വരികൾ രജുവിന്റെ ശബ്ദത്തിൽ കേട്ട് ശശി കോരിത്തരിച്ചു. പുറത്തിറങ്ങിയ രജുവിനെ ദേവരാജൻ മാസ്റ്റർ തലയിൽ തൊട്ട് അനുഗ്രഹിച്ചു. 'രജുവിന്റെ പാട്ട് മതി ഇനി മറ്റാരെയും തേടണ്ട". കണിശക്കാരനായ മാഷ് ശശിയോട് പറഞ്ഞു.

ഷൂട്ടിംഗ് പുരോഗമിക്കുകയായി. ഒരാഴ്ച കഴിഞ്ഞ് നിർമ്മാതാവ് ജയൻ ലൊക്കേഷനിൽ വന്നു പറഞ്ഞു. 'ശശി പെട്ടെന്ന് സ്കൂട്ടറിൽ കയറ്. ദാസേട്ടൻ തരംഗിണിയിലുണ്ട്. പാട്ട് അദ്ദേഹം കേട്ടു, ഇഷ്ടപ്പെട്ടു. പാടാമെന്ന് സമ്മതിച്ചിട്ടുണ്ട്. 11 മണിക്കുള്ള ഫ്ളൈറ്റിൽ അദ്ദേഹത്തിന് പോണം. ഉടനെ റെക്കോഡിംഗ് നടത്താം". 'അയ്യോ, ദേവരാജൻ മാഷ് രജുവിനെ അനുഗ്രഹിച്ച് വിട്ടതാണല്ലോ. ആ പാട്ട് തന്നെ മതിയെന്നും പറഞ്ഞു. ഇനിയെന്ത് ചെയ്യും". 'അതൊക്കെ ഞാൻ മാഷിനോട് പറഞ്ഞിട്ടുണ്ട്... ശശി വിഷമിക്കണ്ട" എന്നാണ് ജയന്റെ മറുപടി. ശശിയും ജയനും തരംഗിണിയിലെത്തിയപ്പോൾ ഹെഡ് ഫോണിൽ പാട്ട് കേട്ട് യേശുദാസ് ആസ്വദിക്കുന്നുണ്ടായിരുന്നു. സൗണ്ട് എഞ്ചിനീയർ ബാലകൃഷ്ണനായിരുന്നു റെക്കോർഡിംഗിന്റെ ചുമതല. ദാസേട്ടൻ വോയിസ് ബൂത്തിൽ കയറി പാടി. പാട്ട് കേട്ട ശശിക്ക് തൃപ്തി വന്നില്ല. ദാസിനോട് പോയി പറയാൻ ബാലകൃഷ്ണൻ പറഞ്ഞു. എന്താണ് ശരിയാകാത്തത്. ദേവരാജൻ മാഷെവിടെ? എന്നിങ്ങനെ പോയി യേശുദാസിന്റെ ചോദ്യങ്ങൾ. രജു ജോസഫ് പല്ലവി പാടി നിർത്തിയ ഒരു സുഖം ഇതിന് വന്നില്ല എന്ന് ശശി പറഞ്ഞു. ദാസ് വീണ്ടും പാടി. അപ്പോഴും അത് ഭംഗിയായില്ല എന്ന തോന്നൽ ശശിയെ അലട്ടി. വീണ്ടും അകത്ത് കയറി ദാസേട്ടനോട് പറഞ്ഞു നോക്കി. 'എങ്കിൽ താനൊന്ന് പാടൂ" എന്നായിരുന്നു ദാസിന്റെ പ്രതികരണം. മൂന്നാം പ്രാവശ്യം ആയതോടെ മനസില്ലാമനസോടെ ശശി സമ്മതിച്ചു. യേശുദാസ് പുറത്തിറങ്ങി പോവുകയും ചെയ്തു. കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. പടത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന കാര്യം സംസാരിക്കാൻ വീണ്ടും മാഷിന്റെ കരമനയിലെ വീട്ടിലെത്തി. ശശി വരുന്നത് മുകളിൽ നിന്ന് കണ്ടെങ്കിലും ദേവരാജൻമാഷ് താഴെയിറങ്ങി വന്നില്ല. രണ്ടോ മൂന്നോ കാളിംഗ് ബെല്ലിന് ശേഷം വാതിൽ തുറന്നു. 'എന്താണ് വന്നത്. ഞാൻ തന്തയില്ലാത്തവനായില്ലേ. നിങ്ങളോട് ആരാണ് രജുവിനെ മാറ്റാൻ പറഞ്ഞത്. ഇനി ഈ ചിത്രവുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ പാട്ടും ഈ പടത്തിൽ വേണ്ട". ക്രോധം തീരാതെ മാഷ് കതക് വലിച്ചടച്ചു. അങ്ങനെ 'കളമൊരുക്കം" എന്ന പേരിൽ പുറത്ത് വന്ന പടത്തിൽ പാട്ട് ചേർക്കാൻ കഴിഞ്ഞില്ല. ഒഴുകുന്ന കണ്ണീരായി പാട്ട് മാറി. കാസറ്റ് ഇറങ്ങിയതോടെ വമ്പൻ ഹിറ്റായി. ലക്ഷോപലക്ഷം ആരാധകരുടെ മനസിൽ പാട്ട് ഇന്നും നിറഞ്ഞ് നിൽക്കുന്നു. പാട്ടിലെ വരികളായ കതിർമണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാൻ കരുതിയ കത്താത്ത മൺവിളക്ക് എന്ന പോലെ ശശി ഇന്നും അത് മനസിൽ നിധിയായി സൂക്ഷിക്കുന്നു. മലയാള സിനിമ ചരിത്രത്തിലെ ഒരു മികച്ച പിന്നണി ഗായകനാകാനുള്ള രജു ജോസഫിന്റെ മോഹവും അങ്ങനെ മുളയിലേ കരിഞ്ഞുപോയി.
വാൽക്കഷണം: ഒരു നീലത്താരത്തിൻ നെയ്ത്തിരി വെട്ടത്തിൽ വി.ജെ.ടി ഹാളിന്റെ മുന്നിൽ വച്ച് ശശീന്ദ്രനെ ദേവരാജൻ മാഷ് കണ്ടു. ചിരിയിൽ പിശുക്കു കാണിക്കുന്ന മാഷ് പുറത്ത് തലോടി. അതൊരു ആശ്വാസമായിരുന്നു. ആ സ്നേഹം സംഗീതസാന്ദ്രമായി ഇന്നും ശശി മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.
(ലേഖകന്റെ ഫോൺ:9847111827)