
ലഖ്‌നൗ: ഹത്രാസിലെ പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്‌തു. ജാതി കലാപം അഴിച്ചുവിടാൻ ശ്രമിച്ചെന്നാണ് പുതിയ എഫ്.ഐ.ആർ. വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും രാജ്യാന്തര ഗൂഢാലോചനയാണ് നടന്നതെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുക ആയിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹത്രാസിൽ പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹ കുറ്റം കൂടാതെ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, സമുദായ ഐക്യം തകർക്കൽ, ഗൂഢാലോചന നടത്തി വർഗീയ സംഘർഷമുണ്ടാക്കൽ, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കൽ, ആദിത്യനാഥ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കൽ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.