work-visa

അബുദാബി: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആശ്വാസ നീക്കവുമായി യു.എ.ഇ. രാജ്യത്തേക്ക് ഭാഗികമായി തൊഴിൽ വിസ അനുവദിച്ചുകൊണ്ടാണ് യു.എ.ഇ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവു നൽകിയത്. ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുമെന്നും ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികൾക്കു പുറമേ സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുന്നുണ്ട്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിട്ടിയാണ് ഇതിനുവേണ്ടി സർക്കാരുമായി സഹകരിക്കുന്നത്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു വീഴ്ചയും വരുത്തില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അംഗീകൃത താമസ വിസയുള്ളവർക്കെല്ലാം യു.എ.ഇയിലേക്ക് മടങ്ങിവരാമെന്നും വാർത്താ ഏജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നു.