
കെയ്‌റോ: ഈജിപ്തിൽ 2500 വർഷം പഴക്കമുള്ള 59 മമ്മികളെ കണ്ടെത്തി. യുനസ്‌കോയുടെ പൈതൃക കേന്ദ്ര പട്ടികയിലുള്ള പുരാതന ഈജിപ്ഷ്യൻ തലസ്ഥാനമായ സഖറയിൽ നിന്നാണ് ഈ ശവശരീരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
മമ്മിഫൈഡ് ചെയ്ത് സൂക്ഷിച്ച ശവശരീരങ്ങൾ ശവപ്പെട്ടിക്കുള്ളിൽ തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഈ തുണികളിൽ കടുത്ത നിറത്തിൽ ചില ലിഖിതങ്ങൾ കുറിച്ചിട്ടുമുണ്ട്. 4700 വർഷം പഴക്കമുള്ള ജോസർ പിരമിഡിന്റെ സമീപത്തു നിന്നാണ് ഇവ കണ്ടെത്തിയത്.
‘ഇവയിൽ ഒരു ശവപ്പെട്ടി തുറക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. ഈ മമ്മി കണ്ടപ്പോൾ ഇന്നലെ അടക്കം ചെയ്തതു പോലെയാണ് തോന്നുന്നത്,’ ഈജിപ്ത് ടൂറിസം, പുരാവസ്തു മന്ത്രി ഖാലിദ് അൽ അനാനി പറഞ്ഞു. കണ്ടെത്തിയ ശവപ്പെട്ടികളിൽ ഒന്ന് ശനിയാഴ്ച മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു.
കഴിഞ്ഞ ആഴ്ച സമാനമായി 13 ശവപ്പെട്ടികൾ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരത്തിൽ ഒരുപാട് ശവശരീരങ്ങൾ മമ്മിഫൈഡ് ചെയ്ത് ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകും എന്നാണ്, മന്ത്രി പറയുന്നത്. ഇപ്പോൾ കണ്ടെത്തിയ മമ്മികളെ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് മാറ്റും.
അടുത്തിടെ സഖാറയിൽ നടത്തിയ ഖനനത്തിൽ മമ്മിഫൈഡ് ചെയ്ത പാമ്പുകൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെ കണ്ടെത്തിയിരുന്നു. കൊവിഡിനെ തുടർന്ന് രാജ്യത്തെ ടൂറിസം പ്രതിസന്ധി നേരിടുന്നതിനിടയിലാണ് പുതിയ കണ്ടുപിടുത്തം.
എന്താണ് മമ്മിഫിക്കേഷൻ?
മമ്മിഫിക്കേഷൻ അഥവാ മൃതദേഹത്തെ മമ്മിയായി രൂപാന്തരപ്പെടുത്തുന്ന രീതി ലോകത്തിലെ എക്കാലത്തെയും അത്ഭുത ശാസ്ത്രീയ വിദ്യയാണ്. ശവശരീരം അഴുകാതിരിക്കാൻ മൃതദേഹത്തിലെ ജലാംശം മുഴുവൻ പുറം തള്ളുന്നതാണ് ഇതിന്റെ ആദ്യ പടി. തുടർന്ന് അത്യപൂർവമായ സുഗന്ധ തൈലങ്ങളും മറ്റും ഉപയോഗിച്ച് മൃതദേഹത്തെ കുളിപ്പിക്കുന്നു. സുഗന്ധ ദ്രവ്യങ്ങൾ പൂശിയ തുണിയിൽ പൊതിയുന്ന മൃതദേഹങ്ങൾ ആയിരം കൊല്ലം കഴിഞ്ഞാലും കേടുകൂടാതെ കിടക്കും. ഏതാണ്ട് 40 ദിവസം നീണ്ടുനിൽക്കുന്ന അതിസങ്കീർണമായ പക്രിയയാണിത്. നിരവധി വൈദ്യന്മാരും പുരോഹിതന്മാരും ഈ പ്രക്രിയയിൽ പങ്കുചേർന്നിരുന്നു.