
സമ്മാനം രണ്ട് അമേരിക്കക്കാർക്കും ഒരു ബ്രിട്ടൻകാരനും
സ്റ്റോക്ഹോം: രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരക രോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർ
ഈ വർഷത്തെ വൈദ്യ ശാസ്ത്ര നോബൽ പുരസ്കാരം പങ്കിട്ടു.
അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി. ജെ.ആൾട്ടർ, ചാൾസ് റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഹ്യൂട്ടൻ എന്നിവർക്കാണ് സ്വർണ മെഡലും 11,18,000 ഡോളറും ( 8.38 കോടി രൂപ ) അടങ്ങുന്ന പുരസ്‌കാരം.
ഇവരുടെ കണ്ടുപിടിത്തം ഹെപ്പറ്റൈറ്റിസ് - സി വൈറസിനെ കണ്ടെത്താനുള്ള രക്ത പരിശോധനയും ആന്റി വൈറൽ മരുന്നുകളും വികസിപ്പിക്കാൻ സഹായകമായെന്നും ലോകത്തു നിന്ന് ഹെപ്പറ്റൈറ്റിസ് സി ഉന്മൂലനം ചെയ്യാമെന്ന പ്രതീക്ഷ ഉണ്ടെന്നും നോബൽ കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
ലോകമെമ്പാടും കൊവിഡ് വൈറസ് പടരുമ്പോഴാണ് മറ്റൊരു മാരക വൈറസിനെ കണ്ടെത്തിയ ശാസ്‌ത്രജ്ഞർ നോബൽ സമ്മാനം നേടുന്നത്.
അറുപതുകളിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടുപിടിച്ച അമേരിക്കൻ ശാസ്‌തജ്ഞൻ ബറൂച്ച് ബ്ലൂംബർഗ് 1976ൽ നോബൽ സമ്മാനം നേടിയിരുന്നു.
അന്നേ തുടങ്ങിയ ഗവേഷണമാണ് സി. വൈറസിനെ കണ്ടെത്തുന്നതിലേക്ക് ഹാർവി. ജെ ആൾട്ടറെ നയിച്ചത്. രക്തം മാറ്റിവയ്ക്കുന്ന രോഗികളിൽ ഹെപ്പറ്റൈറ്റിസ് എയും ബിയും അല്ലാത്ത ഒരു അജ്ഞാത വൈറസ് ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നതായി അദ്ദേഹമാണ് ആദ്യം കണ്ടെത്തിയത്. അതിന് സി എന്ന് പേരിട്ടു. മൈക്കൽ ഹ്യൂട്ടൺ സി വൈറസിന്റെ ജനിതക ഘടന വേർതിരിച്ചു. ചാൾസ് റൈസ് ജനിതക എൻജിനീയറിംഗിലൂടെ ഇത് പുതിയ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു.
ഹെപ്പറ്റൈറ്റിസ് സി
 രക്തത്തിലൂടെ പകരും
 കരളിൽ വീക്കവും കാൻസറും ഉണ്ടാക്കും
 ലോകത്ത് ഏഴ് കോടി ഹെപ്പറ്റൈറ്റിസ് രോഗികൾ
 ഒരു വർഷം നാല് ലക്ഷം മരണം
ഹാർവി.ജെ.ആൾട്ടർ ( 85 )
അമേരിക്കയിലെ മെറിലാൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിൽ മെഡിക്കൽ ഗവേഷകൻ. യൂണിവേഴ്സിറ്റി ഒഫ് റോച്ചസ്റ്ററിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. 1970കളിൽ ഹെപ്പറ്റൈറ്റിസ് ഗവേഷണം. ലാസ്കർ പുരസ്കാരവും നേടിയിട്ടുണ്ട്.
മൈക്കൽ ഹ്യൂട്ടൻ
1950കളിൽ ബ്രിട്ടനിൽ ജനിച്ചു.കാനഡയിലെ ആൽബർട്ട യൂണിവേഴ്സിറ്റിയിലെ വൈറോളജി വിഭാഗം പ്രൊഫസറാണ്. യൂണിവേഴ്സിറ്റി ഒഫ് ഈസ്റ്റ് ആംഗ്ലിയയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം. മൈക്രോബയോളജി, വൈറോളജി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ലാസ്കർ പുരസ്കാരം നേടിയിട്ടുണ്ട്.
ചാൾസ് റൈസ് ( 68 )
ന്യൂയോർക്കിലെ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ഹെപ്പറ്റൈറ്റിസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറും. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് മെഡിസിൻ, റോക്ക് ഫെല്ലർ യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്ന് വൈറോളജിയിൽ ഉന്നതവിദ്യാഭ്യാസം നേടി.
ഹെപ്പറ്റൈറ്റിസ് ഡി ഗവേഷണത്തിലും പ്രവർത്തിക്കുന്നു. യൂണിവേഴ്സിറ്റി ഒഫ് ഈസ്റ്റ് ആംഗ്ലിയയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം. മൈക്രോബയോളജി, വൈറോളജി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ലാസ്കർ പുരസ്കാരം നേടിയിട്ടുണ്ട്.