
ബീജിംഗ്: ചൈനയിലെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്നർ മംഗോളിയൻ വംശജർ പ്രതിഷേധമുയർത്തുന്നു. ചൈനീസ് ഭാഷയിൽ മാത്രമേ ഇനി എല്ലാ വിഷയങ്ങളും പഠിപ്പിക്കാൻ പാടുള്ളൂവെന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. മംഗോളിയൻ ഭാഷയെയും സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പൊതുധാരയ്ക്ക് പുറത്തുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും യോജിപ്പിച്ച് ഏകീകൃത ചൈനയെ സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. 2022 മുതലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകുന്നത്. ഇത് പ്രകാരം ഇന്നർ മംഗോളിയയിലെ വിദ്യാർത്ഥികൾ ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെല്ലാം പഠിക്കുക ചൈനീസ് - മാൻഡരിൻ ഭാഷയിലായിരിക്കും.
ഇന്നർ മംഗോളിയയിൽ 42 ലക്ഷത്തോളം മംഗോളിയൻ വംശജരാണുള്ളത്. ചൈനയിലെ ആകെയുള്ള മംഗോളിയൻ വിഭാഗക്കാരിൽ 70 ശതമാനവും ഇവിടെയാണ്. മേഖലയെ ചൈനയുടെ ഭാഗമായി നിലനിറുത്താൻ ഹാൻ വംശജരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പുറമെയാണിത്. നിലവിൽ ഇന്നർ മംഗോളിയിലെ 80 ശതമാനം ജനങ്ങളും ഹാൻ വംശജരാണ്.