
തൃശൂർ: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കൊലപാതക രാഷ്ട്രീയം ചർച്ച വിഷയമാവുകയാണ്. സനൂപിന് ഒപ്പമുണ്ടായിരുന്നവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബജ്‌റംഗ്ദൾ-ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപണം. സി.പി.എം നേതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി മൊയ്‌തീൻ 'ഫ്ളാഷി"നോട് സംസാരിക്കുന്നു.
ഞങ്ങളൂടെ സനൂപ്
ഞങ്ങളുടെ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമാണ് മരിച്ച സനൂപ്. മാതാപിതാക്കളൊക്ക മരിച്ചുപോയ ഒരാളായിരുന്നു സനൂപ്. അയാൾ മാത്രമാണ് ഉണ്ടായിരുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരനായിരുന്നു. പ്രദേശത്ത് എല്ലാവരാലും അംഗീകരിക്കപ്പെട്ട പൊതുപ്രവർത്തകനാണ് അദ്ദേഹം. നാട്ടുകാരുടെയെല്ലാം ആവശ്യത്തിന് ഓടിയെത്തും. ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയായിട്ടുളള ആളല്ല സനൂപ്. ഈ പ്രദേശങ്ങളൊക്കെ സി.പി.എമ്മിന്റെ സ്വാധീന മേഖലകളാണ്. ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു പ്രവർത്തകനെ ഇല്ലായ്‌മ ചെയ്യാനുളള ബോധപൂർവ്വമായ ശ്രമമായിരുന്നു ഇത്.
പാർട്ടിയുടെ സ്വാധീനം നശിപ്പിക്കാനുളള ശ്രമം
ഒരു പ്രകോപനവുമുണ്ടായിട്ടില്ല. രാത്രിയിൽ സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാനായി പോയതാണ് സനൂപ്. അവർ നാല് പേരുണ്ടായിരുന്നു. അൽപ്പം വിജനമായ വഴിയാണത്. അവിടെ വച്ചിട്ടാണ്... ആ റോഡ് മുഴുവൻ ചോരയാണ്. സനൂപിന് കുത്തു കൊണ്ട് ഒരുപാട് ചോര പോയിട്ടുണ്ട്. വേറെയും ആളുകൾക്ക് വെട്ട് കൊണ്ടതിനാൽ അവരുടെയൊക്കെ ചോര റോഡിൽ നിറഞ്ഞു കിടക്കുകയാണ്. രക്ഷപ്പെടാൻ പറ്റാത്ത രീതിയിലായിരുന്ന വധശ്രമം. ഒന്നും കൈയിൽ കരുതിയിട്ട് അല്ലല്ലോ അവർ ബൈക്കിൽ സഞ്ചരിച്ചത്. പ്രതികളുടെ കൈകളിലെല്ലാം ആയുധങ്ങളുണ്ടായിരുന്നു എന്നാണ് പറയുന്നത്. ആർ.എസ്.എസും ബജ്‌റംഗ്‌ദളുമായി ബന്ധമുളളവരാണ് അവർ. ലഹരി ഉപയോഗിക്കുന്നവരാണ് അവർ. നിരവധി പൊലീസ് കേസുകളിൽ പ്രതികളായ ക്രിമിനൽ പശ്ചാത്തലമുളളവരാണ്. കൊലപാതകത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ ഈ ചെറുപ്പക്കാരനെ കൊല്ലാനുളള ഒരു കാരണവുമില്ല. പാർട്ടിയുടെ സ്വാധീനം നശിപ്പിക്കാൻ ഇയാളെ ശരിപ്പെടുത്തിയാൽ കഴിയും എന്നാണ് അവർ കരുതിയത്.
കൊലയ്‌ക്ക് പിന്നിൽ പ്രൊഫഷണലുകൾ
പാർട്ടി സെക്രട്ടറി ആയിരുന്നതിനാൽ തന്നെ എനിക്ക് നേരത്തെ സനൂപിനെ അറിയാമായിരുന്നു. 26 വയസേ ആയിട്ടുണ്ടായിരുന്നുളളൂ. ആശുപത്രിയിലെ രോഗികൾക്ക് പൊതിച്ചോറ് കൊടുക്കുന്ന പദ്ധതി കഴിഞ്ഞ ഒന്നര കൊല്ലമായി ഇവിടെ നടന്ന് വരുന്നുണ്ട്. ഓരോ ഡി.വൈ.എഫ്.ഐ യൂണിറ്റുകളാണ് ഓരോ ദിവസവും പൊതിച്ചോറ് ശേഖരിച്ച് അർഹമായ കൈകളിലേക്ക് എത്തിക്കുക. ഇന്ന് സനൂപിന്റെ നേതൃത്വത്തിൽ പൊതിച്ചോറ് കൊടുക്കേണ്ട ദിവസമാണ്. ഇന്നലെ വൈകുന്നേരം വരെ അതിന് വേണ്ടി അവൻ ഓടി നടക്കുകയായിരുന്നു. നല്ല ചെറുപ്പക്കാരനാണ് അവൻ. പരിശീലനം കിട്ടിയ പ്രൊഫഷണലുകളാണ് ഈ കൊലയ്‌ക്ക് പിന്നിൽ. ആർ.എസ്.എസുകാർ അത്തരം പരിശീലനത്തിൽ വിദഗ്‌ദ്ധരാണല്ലോ.
സംസ്ഥാനത്തെ കത്തിക്കാനുളള ശ്രമം
സി.പി.എമ്മിനെതിരായ സംഘടിത ആക്രമണം പലവിധത്തിലാണ്. കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് ചേർന്ന് പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് വലിയ ആക്രമണം നടത്തുന്നുണ്ട്. ഭരണത്തുടർച്ചയുണ്ടാകുമോ എന്ന ആശങ്കയാണ് അവർക്ക്. അതിന് പുറമെയാണ് സി.പി.എം പ്രവർത്തകരെ ആക്രമിക്കുന്നത്. കായംകുളത്തിനും വെഞ്ഞാറമൂടിനും പിന്നാലെ മൂന്നാമത്തെ സംഭവമാണിത്. ആശുപത്രിയിൽ കിടക്കുന്ന ഒരാളുടെ അവസ്ഥ എനിക്ക് പറയാനാകില്ല. മെഡിക്കൽ കോളേജിൽ ക്രിട്ടിക്കലായി ഓപ്പറേഷൻ തീയേറ്ററിലാണ്. ഇങ്ങനെ സംഘടിതമായി ആക്രമണമുണ്ടാക്കി ക്രമസമാധാനം തകർത്ത് സംസ്ഥാനത്തെ കത്തിക്കാനുളള ശ്രമമാണിത്.
സഖാക്കൾക്ക് മുന്നറിയിപ്പ്
എല്ലാവർക്കും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഞാൻ ആ പ്രദേശം സന്ദർശിച്ചു. ഒരു പ്രതികരണവും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംയമനം ഉണ്ടാകണമെന്ന് പാർട്ടി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ആയുധം കൊണ്ടായിരിക്കില്ല പ്രതികരിക്കുക. കൊലപാതകങ്ങൾക്കുളള പ്രതികരണം കേരളത്തിലെ പ്രബുദ്ധരായ ജനം നൽകും.
ഞങ്ങൾ ഭരണത്തിന്റെ തണലില്ല
അങ്ങനെയൊന്നുമില്ല. യു.ഡി.എഫിന്റെ കാലത്തും ഞങ്ങൾ ഭരിക്കുമ്പോഴുമൊക്കെ ആക്രമണം സി.പി.എം നേരിട്ടിട്ടുണ്ട്. ഞങ്ങൾ ഭരണത്തിന്റെ തണലിൽ നിൽക്കുന്നവരല്ല. രാജ്യത്തെ പൊതുജനങ്ങൾക്കിടയിലാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്. തൃശൂർ ജില്ലയിൽ മാത്രം കഴിഞ്ഞ കുറേ കാലം എടുത്താൽ 56 പ്രവർത്തകരെ ഞങ്ങൾക്ക് നഷ്‌ടപ്പെട്ടിട്ടുണ്ട്. കൂടുതലും ആർ.എസ്.എസുകാരാണ് കൊലയ്‌ക്ക് പിന്നിൽ. എൻ.ഡി.എഫുകാരുമുണ്ട്. സർക്കാർ ഉളളപ്പോഴും ഇല്ലാത്തപ്പോഴും ഞങ്ങൾ ബഹുജനങ്ങൾക്ക് ഇടയിലാണ്. അത് തകർക്കാൻ ഞങ്ങളുടെ ഉശിരുളള പ്രവർത്തകരെ അവർ നശിപ്പിക്കും. ആർ.എസ്.എസിലേക്കുളള ഒഴുക്ക് തടയാനും മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തടയാനും ഭരണം നോക്കിയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. ആർ.എസ്.എസിന്റെ ഒട്ടും പിറകിലല്ല കോൺഗ്രസ്. തൃശൂർ ജില്ലയിൽ മൂന്ന് കോൺഗ്രസുകാരെ അവർ തന്നെയാണ് കൊന്നത്. ബി.ജെ.പിയെ ന്യായീകരിക്കാൻ കോൺഗ്രസും കോൺഗ്രസിനെ ന്യായീകരിക്കാൻ ബി.ജെ.പിയും കേരള രാഷ്ട്രീയത്തിൽ സമവായം ഉണ്ടാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ബോധപൂർവ്വം സർക്കാരിനെ തകർക്കാനുളള ശ്രമമാണ് ഇവർ നടത്തുന്നത്. ഇതിനിടയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനും സർക്കാരിനെ ശക്തിപ്പെടുത്താനുമുളള പ്രവർത്തനം ഞങ്ങൾ തുടരുക തന്നെ ചെയ്യും.