
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് നേതാവായി മൗലാന ഫസ്‌ലുർ റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാൻ മുസ്‌ലിം ലീഗ് - നവാസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അദ്ധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി, ബലൂചിസ്ഥാൻ നാഷനൽ പാർട്ടി തലവൻ സർദാർ അക്തർ മെംഗൽ തുടങ്ങി 11 പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത വെർച്വൽ യോഗത്തിൽ എതിരില്ലാതെയാണ് റഹ്മാനെ തിരഞ്ഞെടുത്തത്. നവാസ് ഷെരീഫ് റഹ്മാന്റെ പേര് നിർദ്ദേശിച്ചപ്പോൾ ബിലാവൽ പിന്തുണച്ചു. പാക് മതപണ്ഡിതരുടെ സംഘടനയായ ജമാഅത്തുൽ ഉലമ ഇസ്‌ലാമിന്റെ അദ്ധ്യക്ഷനും തീപ്പൊരി പ്രസംഗകനുമായ ഫസ്‌ലുർ റഹ്മാൻ, ഇമ്രാൻഖാൻ സർക്കാരിനെതിരെ കഴിഞ്ഞ വർഷം സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ മാർച്ച് ശ്രദ്ധ നേടിയിരുന്നു. പ്രതിപക്ഷസഖ്യത്തിന്റെ ആദ്യ പൊതുസമ്മേളനം 11നു ക്വറ്റയിൽ നടക്കും.