 
ലണ്ടൻ : ആരാധകരെ അമ്പരിപ്പിക്കുന്ന വമ്പൻ അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ച് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ. ഞായറാഴ്ച മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോട്ടൻഹാം 6-1 എന്ന കനത്ത മാർജിനിൽ കീഴടക്കിയതിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ കഴിഞ്ഞ സീസണിൽ തരം താഴ്ത്തലിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ആസ്റ്റൺ വില്ല 7-2ന് തകർത്തുതരിപ്പണമാക്കിക്കളഞ്ഞു. ഇരു ക്ളബുകളും സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കനത്ത തോൽവികൾ വഴങ്ങുന്നത്.
ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റി 1-1ന് ലീഡ്സ് യുണൈറ്റഡിനോട് സമനില വഴങ്ങിയോടെ തുടങ്ങിയതാണ് പ്രിമിയർ ലീഗിലെ വമ്പന്മാരുടെ കഷ്ടകാലം. പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ രണ്ടാം തോൽവിയാണ് വാങ്ങിക്കൂട്ടിയതെങ്കിൽ ലിവർപൂളിന്റെ ആദ്യ പരാജയമായിരുന്നു. നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ അവർ 9 പോയിന്റുമായി പട്ടികയിലെ അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. മൂന്ന് കളികളിൽ നിന്ന് 3 പോയിന്റ് മാത്രം നേടാനായ മാഞ്ചസ്റ്റർ യുണൈറ്റഡ് 16-ാം സ്ഥാനത്താണ്.
7-2
ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ ചെന്നാണ് ലിവർപൂൾ ഏഴുഗോളുകൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ സീസണിൽ ഒരേൊരു പോയിന്റിന്റെ ബലത്തിൽ തരംതാഴ്ത്തലിൽ നിന്ന് കഷ്ടിച്ച രക്ഷപെട്ട ആസ്റ്റൺ വില്ല ആദ്യ പകുതിയിൽ നാലുഗോളുകളും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളുമാണ് നേടിയത്. റെക്കാഡ് തുക മുടക്കി ഈ സീസണിൽ ടീമിലെത്തിച്ച ഒല്ലീ വാറ്റ്കിൻസന്റെ ഹാട്രിക്കാണ് ആസ്റ്റൺ വില്ലയ്ക്ക് ഒരിക്കലും മറക്കാനാവാത്ത വിജയം നൽകിയത്. മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കിയ ഗ്രീലിഷ് രണ്ട് ഗോളുകളടിക്കുകകൂടിച്ചെയ്ത് കളം നിറഞ്ഞു. മക്ഗിന്നും ബാർക്ക്ലിയും ഒരോ ഗോൾ നേടി. ഇരു പകുതികളിലുമായി സൂപ്പർതാരം മുഹമ്മദ് സലയാണ് ലിവർപൂളിന്റെ രണ്ട് ഗോളുകളും നേടിയത്.
1963
ന് ശേഷം ആദ്യമായാണ് ലിവർപൂൾ ഒരു മത്സരത്തിൽ ഏഴുഗോളുകൾ വഴങ്ങുന്നത്.
2010
ൽ മാഞ്ചസ്റ്റർ താരം ഡിമിത്രി ബെർബറ്റോവിന് ശേഷം ആദ്യമായാണ് ലിവർപൂളിനെതിരെ ഒരുതാരം ഹാട്രിക് നേടുന്നത്.
2019
ജനുവരിക്ക് ശേഷം പ്രിമിയർ ലീഗിൽ നാലാമത്തെ മാത്രം തോൽവിയാണ് ലിവപൂൾ ഏറ്റുവാങ്ങുന്നത്.
63
കഴിഞ്ഞ സീസൺ പ്രമിയർ ലീഗിൽ ചാമ്പ്യന്മാരായ ലിവർപൂളിന് 63 പോയിന്റുകൾക്ക് പിന്നിലായിരുന്നു ആസ്റ്റൺ വില്ല. ലിവർപൂൾ 99 പോയിന്റുകൾ നേടിയപ്പോൾ 36 പോയിന്റുമായി 17-ാമതായിരുന്നു ആസ്റ്റൺ വില്ല.
ആസ്റ്റൺ വില്ല ഗോളുകൾ
4-ാം മിനിട്ട് - വാറ്റ്കിൻസ്
22-ാം മിനിട്ട് - വാറ്റ്കിൻസ്
35-ാം മിനിട്ട് - മക്ഗിൻ
39-ാം മിനിട്ട് - വാറ്റ്കിൻസ്
55-ാം മിനിട്ട് - ബാർക്ക്ലി
66-ാം മിനിട്ട് - ഗ്രീലിഷ്
75-ാം മിനിട്ട് - ഗ്രീലിഷ്
ലിവർപൂൾ ഗോളുകൾ
33-ാം മിനിട്ട് - മുഹമ്മദ് സലാ
60-ാം മിനിട്ട് - മുഹമ്മദ് സലാ
മൗറീന്യോയുടെ പ്രതികാരം
തന്നെ പുറത്താക്കിയ മുൻ ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പകരംവീട്ടുകയായിരുന്നു ടോട്ടൻഹാമിന്റെ പരിശീലകൻ ഹൊസെ മൗറീന്യോ. സ്വന്തം തട്ടകത്തിൽ ടോട്ടൻഹാമിനെ വരവേറ്റ മാഞ്ചസ്റ്റർ രണ്ടാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ വലകുലുക്കിയെങ്കിലും പിന്നെയങ്ങോട്ട് വാങ്ങിക്കൂട്ടുകയായിരുന്നു.ആദ്യ പകുതിയിൽത്തന്നെ ടോട്ടൻഹാം നാലെണ്ണമടിച്ചു. രണ്ടെണ്ണം രണ്ടാം പകുതിയിലും.ഹാരി കേനും സൺ ഹ്യൂം മിന്നും രണ്ട് ഗോളുകൾ നേടിയപ്പോൾ നാലാം മിനിട്ടിൽ എൻഡോംബെലെയും 51-ാം മിനിട്ടിൽ ഓറിയറും ഒരോഗോളടിച്ചു. 7,37 മിനിട്ടുകളലായിരുന്നു സണ്ണിന്റെ ഗോളുകൾ. 30,79 മിനിട്ടുകളിൽ കേനും സ്കോർ ചെയ്തു. 29-ാം മിനിട്ടിൽ അന്തോണി മാർഷ്യൽ ചുവപ്പുകണ്ട് മടങ്ങിയതോടെ 10പേരുമായാണ് മാഞ്ചസ്റ്റർ കളിച്ചത്.
2011ൽ മാഞ്ചസ്റ്റർ സിറ്റിയോട് സ്വന്തം തട്ടകത്തിൽ 6-1ന് തോറ്റശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ തോൽവി.