
സഖാവിലൂടെയും ജോമോന്റെ സുവിശേഷങ്ങളിലൂടെയും മലയാളത്തിനുപരിചിതമായ ഐശ്വര്യ രാജേഷ് താൻ നടിയായി മാറിയ കഥ വെളിപ്പെടുത്തുന്നു
ഒരു അമ്മയും മകളുമാണ് ഈ കഥയിലെ നായകനും നായികയും.  എെശ്വര്യ രാജേഷ് എന്ന മകളും നാഗമണി എന്ന അമ്മയും. അമ്മയ്ക്കുവേണ്ടി ജീവിക്കുന്ന മകൾ. മകൾക്കായി ജീവിക്കുന്ന അമ്മ. 
കാക്കാമുട്ടൈ എന്ന ഒരൊറ്റ സിനിമയിലൂടെതന്നെ തമിഴകത്ത് എെശ്വര്യ രാജേഷ് മികച്ചനടിയെന്ന മേൽവിലാസം സ്വന്തമാക്കി. ദേശീയ പുരസ്കാരം ഉൾപ്പടെ രാജ്യാന്തര അംഗീകാരങ്ങൾ വരെ കാക്കാമുട്ടൈ വാരിക്കൂട്ടി. വെട്രിമാരനും ധനുഷും ചേർന്ന് നിർമ്മിച്ച സിനിമ.
മണിരത്നം സിനിമയിലേക്ക് വിളി വന്നതാണ് പിന്നത്തെ കഥ. വിജയ് സേതുപതിയുടെയും വിജയ് ദേവരകൊണ്ടയുടെയും സിനിമകളുടെ ഭാഗമായി. തമിഴ് സിനിമയിൽ  െഎശ്വര്യ ഇപ്പോൾസൂപ്പർ നായികയാണ്. തെലുങ്കും, ഹിന്ദിയും , മലയാളവും കടന്ന് വെള്ളിത്തിരയിലെ യാത്ര തുടരുന്നു. ജോമോന്റെ സുവിശേഷങ്ങളിലും സഖാവിലും നമ്മൾ െഎശ്വര്യയെ കണ്ടു. അപ്പോൾ െഎശ്വര്യ മെല്ലേ മിണ്ടിത്തുടങ്ങി. അരികത്ത് അമ്മയുണ്ട്.
'' വേദനയും വിജയവും സന്തോഷവും സ് നേഹവും നിറഞ്ഞതാണ് എന്റെ യാത്ര. ചെന്നൈയിലെ സൈദാപ്പേട്ടയിൽ കാക്കാമുട്ടൈ ഉൾപ്പെടുന്ന ചേരി പ്രദേശത്താണ് ജനിച്ചു വളർന്നത്. ഇപ്പോൾ കാക്കാമുട്ടൈ  െഎശ്വര്യ രാജേഷ് എന്ന വിളി കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അഭിനയിച്ച സിനിമയുടെ പേരിൽ നായിക അറിയപ്പെടുന്നത് ഭാഗ്യമായി കരുതുന്നു. തമിഴ് സിനിമയിൽ ഇതു ഒരു അപൂർവതയാണ്. ദൈവത്തിന്റെ അനുഗ്രഹം. ജോലിയോട് കാട്ടിയ പ്രതിബദ്ധതയുടെ ഫലം. ഇംഗ്ളീഷ് സംസാരിക്കുന്ന തെന്നിന്ത്യൻ നടിമാർ മത്സരിക്കുന്നിടമാണ് തമിഴ് സിനിമ. അവിടെ തമിഴ് മാത്രം സംസാരിക്കുന്ന ഒാട്ടോയിലും ബസിലും വന്നിറങ്ങുന്ന ചേരിയുടെ നിറവും മണവും മാത്രമുള്ള ഞാൻ പലർക്കും ചിരി ഉണർത്തുന്ന കാഴ്ചയായിരുന്നു.
മൂന്നു ചേട്ടൻമാരുടെ ഏക അനുജത്തിയായിരുന്നു ഞാൻ. അച്ഛനും അമ്മയുമടക്കം ഞങ്ങൾ ആറുപേരാണ് ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്നത്. മഴ പെയ്താൽ മുറിയിൽ വെള്ളം കയറും.ഞാനും ചേട്ടൻമാരും ചേർന്ന് മുറം കൊണ്ട് വെള്ളം കോരിക്കളയും. രാത്രി വെള്ളം കയറുന്നതു നോക്കി അമ്മ ഉറങ്ങാതിരിക്കുമായിരുന്നു. എനിക്ക് എട്ടു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. എന്നാൽ അച്ഛനില്ലെന്ന തോന്നലുണ്ടാകാതെ അമ്മ ഞങ്ങളെ വളർത്തി. അതിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു
ചെന്നൈയിലെചുട്ടുപ്പൊള്ളുന്ന വെയിൽ അമ്മ ഒരുപാട് കൊണ്ടിട്ടുണ്ട്. മുംബയ് യിൽ പോയി വില കൂടിയതും അല്ലാത്തതുമായ സാരികൾ വാങ്ങി ചെന്നൈയിൽ എത്തിച്ചു വീടുവീടാന്തരം കയറി വിറ്റു. ചെന്നൈയിൽനിന്ന് 27 മണിക്കൂർ ട്രെയിനിന്റെ ജനറൽ കമ്പാർട്ട് മെന്റിലിരിക്കണം. മുംബയ് യിൽ എത്തിയാൽ മുറിയെടുക്കില്ല. റെയിൽവേ സ് റ്രേഷനിൽത്തന്നെ കുളിച്ചു നേരേ മാർക്കറ്റിലേക്ക് ഒാടും. സാരികളുടെ വലിയ കെട്ടും താങ്ങിപ്പിടിച്ച് രാത്രി റെയിൽവേ സ് റ്റേഷനിൽ തിരിച്ചെത്തും
ഇത്തരം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയപ്പോൾ മകൾ എന്ന നിലയിൽ കുടുംബത്തെ സംരക്ഷിക്കണമെന്ന് ഏതൊരു പെൺകുട്ടിയെ പോലെ ഞാനും ആഗ്രഹിച്ചു.പതിനൊന്നാം ക്ളാസിലാണ് അപ്പോൾ പഠനം.അന്നാണ് ഞാൻ ആദ്യമായി ജോലി ചെയ്യുന്നത്. ചെന്നൈ ബസന്ത് നഗറിൽ ഒരു സൂപ്പർ മാർക്കറ്റിനു മുന്നിൽ നിന്ന് കാഡ് ബറീസ് ചോക്ളേറ്റ് സോസിന്റെ പ്രമോഷൻ ചെയ്തു. സൂപ്പർ മാർക്കറ്റിൽ വരുന്ന ആളുകളെ ചോക്ളേറ്റ് രുചി അറിയിക്കുന്നതായിരുന്നു ജോലി. ആ ജോലിയുടെ ശമ്പളം 225. അന്ന് ആ പണം കൈയിൽ കിട്ടിയപ്പോൾ ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഒരു പത്തു പ്രാവശ്യമെങ്കിലും എണ്ണി നോക്കി . ബർത്ത് ഡേ പാർട്ടികളിൽ അവതാരകയായി. അഞ്ഞൂറും ആയിരവും കിട്ടി. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം സമ്പാദിച്ചു. എന്നാൽ കുടുംബം പോറ്റാൻ അതു മതിയായില്ല. അങ്ങനെ അഭിനയരംഗത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ടിവി സീരീയലിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ദിവസം 1500 രൂപയാണ് പ്രതിഫലം എന്നു അറിഞ്ഞു. മാസത്തിൽ അഞ്ചോ ആറോ ദിവസമാണ് ഷൂട്ട്. രാവിലെ മുതൽ രാത്രി വരെയുള്ള അദ്ധ്വാനത്തിൽ ഇത്ര ചെറിയ തുകയോ എന്നു ആലോചിച്ചു. 25000- 50000 ഒക്കെ പ്രതിഫലംകൈപ്പറ്റുന്ന നടീനടൻമാർ ഇവിടെയുണ്ടല്ലോ എന്ന് അമ്പരന്ന എന്നോട് അമ്മ ചോദിച്ചു.
സിനിമ അങ്ങനെയാണ്. ആദ്യം ചെറിയ പ്രതിഫലം കിട്ടു. പിന്നീട് പ്രശസ്തി നേടിയാൽ വലിയ തുകയും . ആയിടയ്ക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അതുവച്ച് സിനിമയിലേക്ക് ശ്രമിച്ചു തുടങ്ങി. അവർകളും ഇവർകളും ആയിരുന്നു ആദ്യ സിനിമ. അതു സാമ്പത്തികമായി പരാജയപ്പെട്ടു.പിന്നേയും ശ്രമിച്ചു.കാക്കാമുട്ടൈ വലിയ പ്രശസ്തി തന്നു.കാക്കാമുട്ടൈയിൽ അഭിനയിക്കുമ്പോൾ വളരെ വേഗം ഞാൻ ആ കഥാപാത്രമായി ഇറങ്ങി ചെന്നു.