
വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. ശരിക്കും ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്ന പോലാണ് ഭൂരിഭാഗം പേരും തങ്ങളുടെ വളർത്തു മൃഗങ്ങളെ സ്നേഹിക്കുകയും ലാളിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്. പക്ഷേ, ഇത്തരം വളർത്തുമൃഗങ്ങളുടെ വേർപാട് നമ്മെ ആഴത്തിൽ വേദനിപ്പിക്കാറുണ്ട്. വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെടുന്ന പോലെയാകാം അപ്പോൾ നമുക്ക് അനുഭവപ്പെടുക.
ദേവാൻഷി ഷാ എന്ന മുംബയ് സ്വദേശിനിയായ 27 കാരിയുടെ ജീവിതത്തിലും വഴിത്തിരിവ് സൃഷ്ടിച്ചത് ഇത്തരത്തിൽ പ്രിയപ്പെട്ട വളർത്തു മൃഗത്തിന്റെ വേർപാടാണ്. തന്റെ വളർത്തുനായയുടെ വേർപാടിനെ തുടർന്ന് ദേവാൻഷി രൂപീകരിച്ച പെറ്റ് കെയർ സ്റ്റാർട്ടപ് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച സേവന ശ്യംഖലയായി വളർന്നുകൊണ്ടിരിക്കുകയാണ്.
ദേവാൻഷിയുടെ 20ാം പിറന്നാൾ ദിനത്തിൽ സഹോദരൻ സമ്മാനമായി നൽകിയതാണ് ഹവാനീസ് ഇനത്തിൽപ്പെട്ട ഹേസൽ എന്ന നായക്കുട്ടിയെ. അന്ന് ഹേസലിന് ഭാരം വെറും 600 ഗ്രാം മാത്രമായിരുന്നു. ദേവാൻഷിയുടെ കൈക്കുള്ളിൽ ഒതുക്കാവുന്ന വലിപ്പമായിരുന്നു ആ നായക്കുഞ്ഞിന്. അന്ന് മുതൽ ഇരുവരുടെയും ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു. എന്നാൽ ഇരുവരുടെയും സന്തോഷത്തിന് മേൽ പെട്ടെന്നാണ് കരിനിഴൽ വീണത്.
ഹേസലിന് വയ്യാതെയായി. പരിശോധനയിൽ ഡോക്ടർമാർക്ക് പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. എന്നാൽ എന്തോ ചെറിയ പൊരുത്തക്കേട് പരിശോധനാ റിപ്പോർട്ടിൽ പ്രകടമായിരുന്നു. എന്നാൽ അത് എന്താണെന്ന് കണ്ടെത്തുന്നതിന് മുമ്പ് ഹേസലിന്റെ നില വഷളായി. ദേവാൻഷിയുടെ കൈകളിൽ കിടന്നാണ് ഹേസൽ യാത്രയായത്. ഹേസലിന്റെ വേർപാട് ദേവാൻഷിയെ വല്ലാതെ തളർത്തി. 10 മാസങ്ങൾക്ക് ശേഷം ഹേസലിന്റെ ഓർമയ്ക്കായി 2019ൽ ദേവാൻഷി പെറ്റ്കണക്ട് ( PetKonnect ) എന്ന നെറ്റ് വർക്കിംഗ് സൈറ്റ് ആരംഭിച്ചു. നായകളെ വളർത്തുന്നവർക്ക് വേണ്ടിയുള്ള ഓൺലൈൻ കമ്മ്യൂണിറ്റി ആണിത്. വളർത്തുനായകളുടെ ഉടമകൾക്ക് എന്ത് സഹായം വേണമെങ്കിലും ഈ സൈറ്റിൽ ബന്ധപ്പെടാം.
വെറ്ററിനറി ഡോക്ടർമാരുടെ സേവനം മുതൽ ആംബുലൻസ്, ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ള അടിയന്തിര സഹായങ്ങളും ഇൻഷ്വറൻസും വരെ ലഭ്യമാകും. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുമായി ബന്ധപ്പെടാനുള്ള സേവനവും ഈ സൈറ്റ് വഴി ലഭ്യമാക്കി. വളർത്തുനായകൾക്ക് മാത്രമല്ല, തെരുവിൽ ജീവിക്കുന്ന മൃഗങ്ങൾക്ക് വേണ്ടിയുമുള്ള ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഓൺലൈൻ സേവന കമ്മ്യൂണിറ്റികളിൽ ഒന്നാണ് പെറ്റ്കണക്ട് ഇന്ന്.